NEWSROOM

'പൂര്‍ണമായും തിരിച്ചു വരാന്‍ ഒരല്‍പം കൂടി സമയം വേണം; ആരോടും പറയാതെ അപ്രത്യക്ഷയായതിന് ക്ഷമ ചോദിക്കുന്നു'; നസ്രിയ നസീം

ആരോടും പറയാതെ മാറി നിന്നതിനും മെസേജുകളോടും ഫോണ്‍ കോളുകളോടും പ്രതികരിക്കാതിരുന്നതിനും സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു

Author : ന്യൂസ് ഡെസ്ക്

ഏതാനും നാളുകളായി സമൂഹ മാധ്യമങ്ങളില്‍ നിന്നും സിനിമയില്‍ നിന്നും വിട്ടുനിന്നതില്‍ വിശദീകരണവുമായി നടി നസ്രിയ നസീം. കഴിഞ്ഞ കുറച്ച് മാസമായി വ്യക്തിപരവും വൈകാരികവുമായ പ്രതിസന്ധികളിലായിരുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നസ്രിയ വിശദീകരിച്ചു.

പുതുവത്സരവും മുപ്പതാം പിറന്നാളും മാത്രമല്ല, തന്റെ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ വിജയം പോലും ആഘോഷിക്കാനായില്ല. ആരോടും പറയാതെ മാറി നിന്നതിനും മെസേജുകളോടും ഫോണ്‍ കോളുകളോടും പ്രതികരിക്കാതിരുന്നതിനും സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു. തന്നെ പൂര്‍ണമായും ഷട്ട്ഡൗണ്‍ ചെയ്തിരിക്കുകയായിരുന്നു. താന്‍ കാരണം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു.

ജോലി ആവശ്യത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നു.

കഠിനമായ യാത്രയായിരുന്നു. പക്ഷെ, ഓരോ ദിവസവും സുഖപ്പെടാനും സ്വയം മെച്ചപ്പെടാനുമുള്ള ശ്രമത്തിലാണ്. ഈ സമയത്ത് തന്നെ മനസ്സിലാക്കുകയും കൂടെ നില്‍ക്കുകയും ചെയ്തതിന് എല്ലാവര്‍ക്കും നന്ദി. പൂര്‍ണമായും തിരിച്ചുവരാന്‍ ഒരല്‍പം സമയം കൂടി ആവശ്യമുണ്ട്. തിരിച്ചുവരവിന്റെ പതയിലാണ് താനെന്ന് ഉറപ്പ് തരുന്നു.

ഈ രീതിയില്‍ അപ്രത്യക്ഷയായതിന് തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും വിശദീകരണം നല്‍കാന്‍ ബാധ്യസ്ഥയാണെന്നതിനാലാണ് ഈ കുറിപ്പെന്നും നസ്രിയ പറഞ്ഞു.

കഴിഞ്ഞ നവംബറിലായിരുന്നു നസ്രിയയുടെ സൂക്ഷ്മദര്‍ശിനി പ്രദര്‍ശനത്തിന് എത്തിയത്. സൂപ്പര്‍ഹിറ്റായ ചിത്രത്തിന്റെ പ്രമോഷന് താരം സജീവമായിരുന്നു. ഇതിനു ശേഷം നസ്രിയ പൊതുഇടങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സോഷ്യല്‍മീഡിയയിലും സജീവമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് അവസനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്.


SCROLL FOR NEXT