NEWSROOM

നീറ്റ്- പി ജി പരീക്ഷയ്ക്ക് കൂടുതൽ സുരക്ഷ ഒരുക്കുമെന്ന് എൻ ബി ഇ

പരീക്ഷ നടത്തിപ്പിനെ സംബന്ധിക്കുന്ന മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കാൻ കൂടുതൽ ഇൻവിജിലേറ്റർമാരെ നിയോ​ഗിക്കാനും, സെൻട്രൽ കമാൻഡ് സെൻ്ററുകൾ രൂപീകരിക്കാനുമാണ് ദേശീയ പരീക്ഷ ബോർഡിൻ്റെ തീരുമാനം

Author : ന്യൂസ് ഡെസ്ക്

നീറ്റ് യുജി ചോദ്യ പേപ്പർ ക്രമക്കേടിനെ തുടർ‌ന്ന്, മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയ്ക്ക് കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് എൻബിഇ അറിയിച്ചു. പരീക്ഷ നടത്തിപ്പിനെ സംബന്ധിക്കുന്ന മുഴുവൻ കാര്യങ്ങളും നിരീക്ഷിക്കാൻ കൂടുതൽ ഇൻവിജിലേറ്റർമാരെ നിയോ​ഗിക്കാനും, സെൻട്രൽ കമാൻഡ് സെൻ്ററുകൾ രൂപീകരിക്കാനുമാണ് ദേശീയ പരീക്ഷ ബോർഡിൻ്റെ തീരുമാനം. പരീക്ഷത്തീയതി പ്രഖ്യാപനത്തിന് ശേഷം, വിദ്യാർഥികൾക്കായി നാലാഴ്ചത്തെ സമയമെങ്കിലും നൽകേണ്ടതുണ്ടെന്നും, അതിനാൽ അടുത്ത മാസമേ പരീക്ഷ നടക്കാൻ സാധ്യതയുള്ളൂവെന്നും എൻബിഇ അറിയിച്ചു.

നീറ്റ് യുജി പ്രവേശന പരീക്ഷയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെ വലിയ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജൂണ്‍ 23ന് നിശ്ചയിച്ചിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ ജൂൺ 22ന് മാറ്റിവെച്ചത്. മുൻകരുതൽ നടപടിയായാണ് തീരുമാനമെന്നും, ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ പ്രക്രിയകളെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ നടത്താനാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു. ചോദ്യപേപ്പര്‍, പരീക്ഷ നടക്കുന്നതിന് രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമേ തയ്യാറാക്കുകയുള്ളൂ എന്ന് നേരത്തെ തീരുമാനമായിരുന്നു.

സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലായി ഏകദേശം 70,000 ബിരുദാനന്തര ബിരുദ സീറ്റുകളാണുള്ളത്. ഈ വർഷം രണ്ട് ലക്ഷത്തിലധികം ഉദ്യോഗാർഥികൾ നീറ്റ്- പിജിക്ക് അപേക്ഷിച്ചിട്ടുണ്ട്.

SCROLL FOR NEXT