NEWSROOM

മന്ത്രിമാറ്റത്തിൽ എൻസിപി പിന്നോട്ട്; മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന് പി.സി. ചാക്കോ

എൻസിപിയുടെ മന്ത്രിയെ പാർട്ടിക്ക് തീരുമാനിക്കാൻ പറ്റാത്തത് പാർട്ടിയുടെ പരാജയമായി വ്യാഖ്യാനിക്കാമെന്നും പി.സി. ചാക്കോ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


മന്ത്രിമാറ്റം ഉണ്ടാകണമെന്ന് എൻസിപി ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ മുന്നണിയുടെ നേതാവായ മുഖ്യമന്ത്രി പറയുന്നതാണ് അവസാന വാക്കെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. മന്ത്രിയെ മാറ്റണമെന്നത് പാർട്ടിയിലെ തീരുമാനമായിരുന്നു. അത് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ എൻസിപിയുടെ മന്ത്രിയെ പാർട്ടിക്ക് തീരുമാനിക്കാൻ പറ്റാത്തത് പാർട്ടിയുടെ പരാജയമായി വ്യാഖ്യാനിക്കാമെന്നും പി.സി. ചാക്കോ പറഞ്ഞു.



മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകും. മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാരണം അറിയില്ല. എൻസിപിയിൽ ഒരു പിളർപ്പും ഉണ്ടാവില്ല. പാർട്ടിയിൽ വിഭാഗീയത ഇല്ലാതെ മുന്നോട്ട് പോകും. എൻസിപി പിളരുമെന്ന പ്രചാരണം പാർടിയുടെ പ്രതിച്ഛായയെ ബാധിച്ചു. കുട്ടനാട് സീറ്റ് പിടിച്ചെടുക്കാൻ എൽഡിഎഫിൽ ആരും ശ്രമിക്കുന്നില്ല. തോമസ് കെ. തോമസ് പാർട്ടിയുടെ കൂടെ ഉറച്ചുനിൽക്കുമെന്നും പി.സി. ചാക്കോ പറഞ്ഞു.



നേരത്തെ എൻസിപി സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറിയുണ്ടായെന്നും എ.കെ ശശീന്ദ്രനെതിരെ 12 ജില്ലാ കമ്മിറ്റികൾ രംഗത്തെത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശശീന്ദ്രൻ്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് ജില്ലാ കമ്മിറ്റികൾ പരാതി നൽകിയിരുന്നു.

എന്നാൽ നടപടി ഭയന്ന് മന്ത്രിസ്ഥാനം രാജി വെക്കരുതെന്നാണ് എ.കെ. ശശീന്ദ്രൻ വിഭാഗം മന്ത്രിയെ നിർദേശിച്ചത്. കഴിഞ്ഞ ഡിസംബർ അവസാന വാരം ശശീന്ദ്രനെതിരെ എറണാകുളം ജില്ലാ കമ്മിറ്റി കേന്ദ്ര-സംസ്ഥാന നേതൃത്തിനാണ് പരാതി നൽകിയത്. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ശരദ് പവാറിൻ്റെ നിർദേശം വരുന്നതിന് മുൻപ് തന്നെ ശശീന്ദ്രൻ പരസ്യ പ്രസ്താവന നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും പരാതി ഉയർന്നിരുന്നു.

രാജിവെക്കില്ലെന്ന് എ.കെ. ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതോടെ രാജി ഭീഷണി മുഴക്കി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ രംഗത്തെത്തിയിരുന്നു. എന്നാൽ ആഭ്യന്തര പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT