മന്ത്രിസ്ഥാനം ലഭിക്കണമെന്ന നിലപാടിലുറച്ച് എൻസിപി എംഎൽഎ തോമസ് കെ. തോമസ് . മുഖ്യമന്ത്രി കാത്തിരിക്കാൻ പറഞ്ഞത് മാനിക്കുന്നുണ്ടെങ്കിലും അധികം വൈകരുതെന്നാണ് എംഎൽഎയുടെ ആവശ്യം. മൂന്ന് ദിവസത്തിനകം തീരുമാനം വേണമെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി. എൻസിപി ദേശീയ അധ്യക്ഷൻ്റെ കത്ത് നൽകിയിട്ടും പരിഗണിക്കാത്തതിൽ എംഎൽഎയ്ക്കുള്ള കടുത്ത അതൃപ്തിയും പ്രകടമാണ്.
എൻസിപി അധ്യക്ഷൻ പി.സി. ചാക്കോയോട് പടവെട്ടി പാർട്ടിയിൽ ഒതുങ്ങിപ്പോയ തോമസ് കെ. തോമസിന്റെ അവസരമാണിപ്പോൾ. തോമസ് ചാണ്ടിയുടെ പിൻഗാമിയായി കുട്ടനാട്ടിൽ നിന്നും മന്ത്രിയാകാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി തോമസിനോട് മുഖം തിരിച്ചു. പി.സി. ചാക്കോയുമായി സമവായത്തിലെത്തിയതോടെ മന്ത്രി സ്ഥാനത്തേക്ക് വഴി തുറക്കുകയായിരുന്നു.
ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ പിന്തുണ നേടിയാണ് തോമസ് കെ. തോമസ് സത്യപ്രതിജ്ഞ സംബന്ധിച്ചുള്ള നടപടിക്കായി മുഖ്യമന്ത്രിക്ക് മുന്നിലെത്തുന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ചതൊന്നുമല്ല സംഭവിച്ചത്. തീരുമാനമെടുക്കാൻ സമയം വേണം കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി, ദേശീയ അധ്യക്ഷൻ ശരദ് പവാറിൻ്റെ കത്ത് നൽകിയിട്ടും മുഖ്യമന്ത്രി സമയമാവശ്യപ്പെട്ടതിൽ എംഎൽഎ തൃപ്തനല്ല.
നിലവിൽ സർക്കാരും സിപിഎമ്മും നേരിടുന്ന പ്രതിസന്ധി കാരണമാണ് അധിക സമയം ചോദിച്ചതെന്ന് തോമസ് കെ. തോമസ് കരുതുന്നില്ല. തന്നെ മനപ്പൂർവ്വം മാറ്റി നിർത്തിയെന്ന തോന്നൽ എംഎൽഎയ്ക്കുണ്ട്. അതിനാൽ മൂന്ന് ദിവസത്തിനുള്ളിൽ മറുപടി വേണമെന്നാണ് എംഎൽഎയുടെ ആവശ്യം. മുഖം തിരിച്ചാൽ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന സൂചനയുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ നിലപാടിൽ ആശ്വാസത്തിലാണ് ശശീന്ദ്രൻ പക്ഷം.