പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടില്‍ ഇന്ത്യ സഖ്യത്തിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനെ മറികടന്നാണ് ബിര്‍ള തുടര്‍ച്ചയായ രണ്ടാം തവണയും സ്പീക്കര്‍ പദവിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ബിര്‍ളയെ ഡയസിലേക്ക് ആനയിച്ചു. മുഴുവന്‍ അംഗങ്ങളും എഴുന്നേറ്റ് നിന്നാണ് സ്പീക്കറെ സ്വീകരിച്ചത്. ബിര്‍ള വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. സഭയുടെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ലോക്സഭാംഗമാണ് ബിര്‍ള.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ലോക്‌സഭ സ്പീക്കറെ കണ്ടെത്താന്‍ തെരഞ്ഞെുപ്പ് നടന്നത്. ബിര്‍ള എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എംപിയായ കൊടിക്കുന്നില്‍ സുരേഷിനെയാണ് ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയാക്കിയത്. പ്രോ ടേം സ്പീക്കര്‍ നിയമനത്തില്‍ കീഴ്വഴക്കം മറികടന്ന് ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ നിയമിച്ചതിലുള്ള പ്രതിഷേധമെന്ന നിലയില്‍ കൊടിക്കുന്നിലിന്‍റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാവുകയും ചെയ്തു. പ്രോ ടേം സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ ലഭിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നു. സീനിയോറിറ്റി പ്രകാരം കൊടിക്കുന്നില്‍ സുരേഷ് പ്രോം ടേം സ്പീക്കറാകുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ഭര്‍തൃഹരി മഹ്താബിനെ ബിജെപി പ്രോ ടേം സ്പീക്കര്‍ ആക്കിയത്.