NEWSROOM

ഐവിൻ ജിജോയെ കൊലപ്പെടുത്തിയ CISF ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കാൻ തീരുമാനം; കേസിൽ മൂന്നാമൻ ഉള്ളതായി വിലയിരുത്തൽ

പ്രതികളെ സർവീസിൽ നിന്നും നീക്കാൻ നടപടി ആരംഭിച്ചു. സിഐഎസ്എഫ് ഡിഐജി നെടുമ്പാശേരിയിൽ എത്തി പ്രത്യേക യോഗം ചേർന്നു

Author : ന്യൂസ് ഡെസ്ക്

എറണാകുളം നെടുമ്പാശേരിയിൽ തുറവൂർ സ്വദേശി ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉദ്യോ​ഗസ്ഥ‍‍ർക്കെതിരെ കടുത്ത നടപടികളിലേക്ക് സിഐഎസ്എഫ്. പ്രതികളെ സർവീസിൽ നിന്നും നീക്കാൻ നടപടി ആരംഭിച്ചു. സിഐഎസ്എഫ് ഡിഐജി നെടുമ്പാശേരിയിൽ എത്തി പ്രത്യേക യോഗം ചേർന്നു. സിഐഎസ്എഫ് ഡിഐജി ആർ. പൊന്നി, എഐജി ശിവ് പാണ്ഡെ എന്നിവർ യോ​ഗത്തിനായി നെടുമ്പാശേരിയിൽ എത്തി. അന്വേഷണവുമായി സിഐഎസ്എഫ് എഐജി കേരളത്തിൽ തുടരും.

അതേസമയം, കേസിൽ മൂന്നാമൻ കൂടി ഉള്ളതായാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. സിഐഎസ്എഫ് ഉദ്യോഗസ്ഥരെ രക്ഷപ്പെടാൻ സഹായിച്ചതായാണ് സംശയം. കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

ഐവിൻ ജിജോയുടെ മരണത്തിൽ കഴിഞ്ഞ ദിവസം പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കുറ്റം സമ്മതിച്ചിരുന്നു. ഐവിൻ വാക്കുതർക്കം മൊബൈലിൽ പകർത്തിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോഹൻ കുമാർ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ആണ് തർക്കത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരും, ഐവിനും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീട് മോഹൻ കുമാറും വിനയ് കുമാർദാസും ചേർന്ന് ഐവിനെ മർദിച്ചു. നാട്ടുകാർ എത്തുമെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഐവിൻ കാറിന് മുന്നിൽ നിന്നും വീഡിയോ പകർത്തി. ഇതിൽ പ്രകോപിതനായാണ് മോഹൻ കുമാർ വാഹനം മുന്നോട്ടെടുത്തത്. വാഹനം ഇടിച്ചുനിലത്ത് വീണ ഐവിൻ എഴുന്നേറ്റ് നിന്നു. പിന്നാലെ വിനയ്‌കുമാർ വാഹനം ഓടിച്ചു. ബോണറ്റിൽ ഐവിൻ കിടന്നിട്ടും വാഹനം നിർത്താൻ ഇരുവരും തയ്യാറായില്ല. ഐവിനെ ബോണറ്റിൽ കിടത്തി ഒരു കിലോമീറ്ററോളം അതിവേഗത്തിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി. ഈ ആഘാതത്തിൽ തെറിച്ചു പോയ ഐവിന്റെ തല മതിലിൽ ഇടിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണം. വാഹനം ഇടിച്ചതിനെ തുടർന്ന് ഐവിന്റെ വാരിയെല്ലിന് മൂന്ന് പൊട്ടൽ ഉണ്ടായി. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിൽ എത്തി പതിവ് പോലെ ജോലിക്ക് പോകാൻ ശ്രമിച്ചെന്നും മോഹൻ കുമാർ മൊഴി നൽകി.

കഴി‍ഞ്ഞ ബുധനാഴ്ച രാത്രിയാണ് ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്.

SCROLL FOR NEXT