നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.
തുടക്കത്തിൽ സമാധാനപരമായി നീങ്ങിയ പ്രവർത്തകർ പിന്നീട് ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസുകാർക്ക് നേരെ പ്രവർത്തകർ കല്ലെറിഞ്ഞതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് ജലപീരങ്കി ഉപയോഗിച്ചതോടെ പ്രവർത്തകർ ആദായ നികുതി ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു.
കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ഷൈജു ഉൾപ്പെടെയുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുത്തിരുന്നു. നീറ്റ് നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധം ഡിവൈഎഫ്ഐ ശക്തമാക്കിയിരിക്കുകയാണ്. കൊച്ചിയിലും ഇന്ന് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചിരുന്നു.