നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന സൂചന നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. പരീക്ഷ പേപ്പർ ചോർന്നത് വളരെ കുറച്ചു വിദ്യാർഥികളെ മാത്രമേ ബാധിച്ചിട്ടുള്ളുവെന്നും അതിനാൽ പരീക്ഷ റദ്ദാക്കേണ്ട ആവശ്യമില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം.
2004 ലിലും 2015 ലും പരീക്ഷാ പേപ്പർ ചോർന്ന വിഷയത്തിൽ നിന്നും നിന്ന് വ്യത്യസ്തമാണ് ഇപ്പോൾ ഉണ്ടായ അവസ്ഥ. അതുകൊണ്ട് പരീക്ഷ റദ്ദാക്കിയാൽ ശരിയായ രീതിയിൽ പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളെ ബാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചോദ്യ പേപ്പർ ചോർന്നത് ഒറ്റപ്പെട്ട സംഭവമാണ്. ചോദ്യ ചോർച്ച സംബന്ധിച്ച് വിവരങ്ങൾ പുറത്തു വന്ന ബീഹാറിൽ പാട്ന പൊലീസ് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് നൽകും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരാജയമാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി ഇതുമായി ബന്ധപ്പെട്ട സർവ്വ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായും അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ എൻടിഎയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചോദ്യ പേപ്പർ ചോർന്നതും ഗ്രേസ് മാർക്ക് ദാനവും പരീക്ഷയുടെ വിശ്വാസ്യത തകർക്കുകയും രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.