നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുതുക്കിയ നീറ്റ് യുജി 2024 സ്‌കോര്‍ക്കാര്‍ഡ് പ്രസിദ്ധീകരിച്ചു. മലയാളിയായ ശ്രീനന്ദ് ശര്‍മില്‍ ഉള്‍പ്പെടെ 17 വിദ്യാര്‍ഥികളാണ് ഒന്നാം റാങ്കിന് അര്‍ഹരായിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എന്‍ടിഎ റാങ്ക് ലിസ്റ്റും സ്‌കോര്‍ കാര്‍ഡും പുതുക്കി പ്രസിദ്ധീകരിച്ചത്.
ജൂണ്‍ നാലിന് നീറ്റ് ഫലം പുറത്തു വന്നപ്പോള്‍ 67 വിദ്യാര്‍ഥികളാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഇതില്‍ 44 വിദ്യാര്‍ഥികള്‍ മുഴുവന്‍ സ്‌കോറായ 720 നേടിയിരുന്നു. ഇത് സംശയങ്ങള്‍ക്ക് ഇടയാക്കിയതാണ് പരീക്ഷയെ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരാന്‍ കാരണമായത്. ഇതിനെ തുടര്‍ന്നാണ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമകേട് ആരോപണങ്ങളും പുറത്തു വന്നത്.
ഫിസിക്‌സിലെ ഒരു ചോദ്യത്തിന് ചില വിദ്യാര്‍ഥികള്‍ക്ക് അധിക സ്‌കോര്‍ അനുവദിച്ചിരുന്നു. ഇത് കാരണമാണ് പല വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന റാങ്ക് ലഭിച്ചത്. സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് അധിക മാര്‍ക്ക് നീക്കം ചെയ്തതോടെ ഒന്നാം റാങ്കുകാരുടെ എണ്ണം 67ല്‍ നിന്നും 17 ആയി ചുരുങ്ങി. പുതുക്കിയ സ്‌കോര്‍ കാര്‍ഡ് വന്നതോടെ കേരളത്തില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് ഒന്നാം സ്ഥാനം നഷ്ടമായത്. അഭിഷേക് വി. ജെ, ദേവദര്‍ശന്‍ ആര്‍ നായര്‍, അഭിനവ് സുനില്‍ പ്രസാദ് എന്നിവര്‍ ആദ്യ റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ ഒന്നാം റാങ്കിന് അര്‍ഹരായിരുന്നു.
മെയ് 5ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ 23,33,297 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.