NEWSROOM

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച: സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു

പേപ്പർ ചോർച്ച കേസിൽ ചില വിദ്യാർഥികളുടെ മാതാപിതാക്കളുടെ പേരുകളും ഉണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ച കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. നാല് ഉദ്യോഗാർഥികൾ, ഒരു ജൂനിയർ എഞ്ചിനീയർ, രണ്ട് കിംഗ്പിൻമാർ എന്നിവരുൾപ്പെടെ 13 പേരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷയുടെ പേപ്പർ ചോർന്നത് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കുകയും ഇതിനെ തുടർന്ന് വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. എന്നാൽ പുനഃപരീക്ഷ നടത്തേണ്ടതില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.

പേപ്പർ ചോർച്ച കേസിൽ ചില വിദ്യാർഥികളുടെ മാതാപിതാക്കളുടെ പേരുകളും ഉണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ആയുഷ് കുമാർ, അനുരാഗ് യാദവ്, അഭിഷേക് കുമാർ, ശിവാനന്ദൻ കുമാർ എന്നിവരാണ് കുറ്റപത്രത്തിലുള്ള നാല് ഉദ്യോഗാർഥികൾ. ബിഹാറിലെ ദനാപൂർ ടൗൺ കൗൺസിലിൽ നിന്നുള്ള ജൂനിയർ എൻജിനീയറായ സിക്കന്ദർ യാദ്‌വേന്ദുവിൻ്റെ പേരും രേഖയിലുണ്ട്.

ക്രിമിനൽ വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നാല് പരീക്ഷാർഥികൾ ഉൾപ്പെടെ 13 പ്രതികൾക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ, പട്‌നയിലെ ഗോപാൽപൂർ നിവാസിയായ നിതീഷ് കുമാറാണ് പ്രധാന പ്രതിയെന്നാണ് നിഗമനം. ഇയാൾ പ്രതി പട്ടികയിലുള്ള അമിത് ആനന്ദ്, സിക്കന്ദർ യാദ്വേന്ദു എന്നിവരോടൊപ്പം ചേർന്ന് ഒരു വിദ്യാർഥിയ്ക്ക് 30-32 ലക്ഷം രൂപ നിരക്കിൽ പേപ്പർ ചോർത്താനുള്ള ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.




SCROLL FOR NEXT