NEWSROOM

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ

ജാർഖണ്ഡിലെ ഹാസിരാബാഗില്‍ ഒയാസിസ് സ്കൂളില്‍ നിന്നും ഒരു സംഘടിത സിന്‍ഡിക്കേറ്റാണ് ചോദ്യ പേപ്പർ ചോർത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്

Author : ന്യൂസ് ഡെസ്ക്

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതായി റിപ്പോർട്ട്. ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുമാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ സംഭവവുമായി എന്‍ടിഎ അധികൃതർക്ക് ബന്ധമില്ലെന്നാണ് സിബിഐ പറയുന്നത്.

ജാർഖണ്ഡിലെ ഹാസിരാബാഗില്‍ ഒയാസിസ് സ്കൂളില്‍ നിന്നും ഒരു സംഘടിത സിന്‍ഡിക്കേറ്റ് ചോദ്യ പേപ്പർ ചോർത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇവർ നീറ്റ് പരീക്ഷാർഥികളായ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് ചോദ്യ പേപ്പർ ചോർത്തിയും ഉത്തരങ്ങള്‍ നല്‍കിയും ലക്ഷക്കണക്കിനു രൂപ വാങ്ങിയെന്നാണ് സിബിഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സിബിഐ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍ ഒയാസിസ് സ്കൂള്‍ അധികൃതരെ പ്രതിചേർത്തിട്ടുണ്ട്. ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. അഹ്സനുൽ ഹഖ്, വൈസ് പ്രി‍ൻസിപ്പൽ മുഹമ്മദ് ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ പ്രതിചേർത്തത്. ചിന്തു എന്ന ബൽദേവ് കുമാർ, സണ്ണികുമാർ, ജമാലുദ്ദീൻ, അമൻകുമാർ സിങ് എന്നിവരും കേസില്‍ പ്രതികളാണ്. പ്രതികൾക്കെതിരെ ഗൂഢാലോചന, വിശ്വാസവഞ്ചന, മോഷണം, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളും അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ആരോപിച്ചിട്ടുണ്ട്.


ഓഗസ്റ്റ് ഒന്നിനാണ് നാല് ഉദ്യോഗാർഥികൾ, ഒരു ജൂനിയർ എഞ്ചിനീയർ, രണ്ട് കിംഗ്പിൻമാർ എന്നിവരുൾപ്പെടെ 13 പേരെ ഉൾപ്പെടുത്തി സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ആർക്കൊക്കെയാണ് ചോദ്യപേപ്പർ ചോർത്തി നല്‍കിയതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. 150-ഓളം വിദ്യാർഥികള്‍ ചോദ്യ പേപ്പർ ചോർത്തലിന്‍റെ ഗുണഭോക്താക്കളായി എന്നാണ് സിബിഐയുടെ വിലയിരുത്തല്‍‌. കേസില്‍ ഇതുവരെ 48 പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

SCROLL FOR NEXT