ഫോർട്ട് കൊച്ചിയിൽ വഴിയോര കച്ചവടക്കാർക്കായി സ്മാർട്ട് സിറ്റി (സിഎസ്എംഎൽ) നിർമിച്ച കിയോസ്‌കുകളുടെ കൈമാറ്റം നീളുന്നു. കൊച്ചി കോർപ്പറേഷന് സിഎസ്എംഎൽ താക്കോൽ കൈമാറാത്തതാണ് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. അടച്ചിട്ടിരിക്കുന്ന കിയോസ്‌കുകൾക്കു മുന്നിലാണിപ്പോൾ ചെറുകിട കച്ചവടക്കാർ വിൽപന നടത്തുന്നത്.
ഫോർട്ടു കൊച്ചി, മട്ടാഞ്ചേരി മേഖലകളിലായി 36 ഓളം കിയോസ്ക്കുകളാണ് സ്മാർട്ട് സിറ്റി മിഷൻ പണി കഴിപ്പിച്ചത്. രണ്ട് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഓരോ കിയോസ്‌കും നിർമിച്ചത്. നിലവിലുള്ള വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. എന്നാൽ പണി തീർന്ന് ഒരു വർഷമാകാറാവുമ്പോഴും കിയോസ്‌കിൻ്റെ താക്കോൽ കൈമാറിയിട്ടില്ല.
കടകൾക്ക് മുകളിൽ മരചില്ലകൾ ഒടിഞ്ഞ് വീണ് പലതും അറ്റകുറ്റപ്പണികൾ കാത്ത് കിടക്കുകയാണ്. അതേസമയം, കിയോസ്‌കുകൾ എന്ന് തുറന്നു നൽകുമെന്നത് സംബന്ധിച്ച് അധികൃതർ രേഖാമൂലം ഇതുവരെയും അറിയിപ്പുകൾ നൽകിയിട്ടില്ല. മട്ടാഞ്ചേരിയിൽ ആദ്യഘട്ടത്തിൽ സിഎസ്എംഎൽ നിർമിച്ച കിയോസ്‌കുകൾ പലതും കച്ചവടക്കാർക്ക് കൈമാറിയിട്ടുണ്ട്. പൈതൃക തനിമ നിലനിർത്തി ഫോർട്ട് കൊച്ചി പരിസരങ്ങളിലെ കിയോസ്‌കുകൾ തുറന്നു നൽകാത്തതിനാൽ കച്ചവടക്കാർ താൽക്കാലിക ഷെഡുകൾ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.