NEWSROOM

നെഹ്റു ട്രോഫി ജലമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; ഗ്രാൻഡ് തുക വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

വിവിധ വിഭാഗങ്ങളിലായി 73 വള്ളങ്ങളാണ് മാറ്റുരക്കുന്നത്. 19 ചുണ്ടൻവള്ളങ്ങൾ അണിനിരക്കുന്നതാണ് മേളയുടെ പ്രധാന ആകർഷണം

Author : ന്യൂസ് ഡെസ്ക്

നെഹ്റു ട്രോഫി ജലമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. വയനാട് ദുരന്തത്തിന് പിന്നാലെ മാറ്റിവെച്ച ജലമേളയാണ് സെപ്റ്റംബർ 28ന് നടത്തുന്നത്. ബോട്ട് ക്ലബ്ബുകൾ പരിശീലനം ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഗ്രാൻഡ് തുക വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

പുന്നമടയുടെ ഓളപരപ്പിൽ തീപ്പൊരി തീർക്കുന്ന നെഹ്‌റു ട്രോഫിക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. വിവിധ വിഭാഗങ്ങളിലായി 73 വള്ളങ്ങളാണ് മാറ്റുരക്കുന്നത്. 19 ചുണ്ടൻവള്ളങ്ങൾ അണിനിരക്കുന്നതാണ് മേളയുടെ പ്രധാന ആകർഷണം. പരിശീലനത്തിൻ്റെ അവസാന ഘട്ടത്തിലാണ് നെഹ്‌റു ട്രോഫി മാറ്റിവെച്ചത്. ഇതോടെ വീണ്ടും പരിശീലനം ആദ്യം മുതൽ ആരംഭിക്കേണ്ടി വന്നത് പ്രമുഖ ക്ലബുകളെയടക്കം വൻ സാമ്പത്തിക പ്രതി സന്ധിയിലാക്കി.


ചാമ്പ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിച്ചതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗവും അടഞ്ഞു. ഓഗസ്റ്റിൽ ഒരുക്കങ്ങൾ 90 ശതമാനവും പൂർത്തിയായി കഴിഞ്ഞാണ് വള്ളംകളി മാറ്റിവെച്ചത്. ഇതു കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ് നെഹ്‌റു ട്രോഫിയുടെ നടത്തിപ്പിനുണ്ടായത്. നിലവിൽ ഒരു കോടി രൂപ ഗ്രാൻഡ് വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

തുഴച്ചിലുകാരുടെ പരിശീലനത്തിനടക്കം ലക്ഷങ്ങളാണ് ഇതിനോടകം ക്ലബുകൾ ചെലവഴിച്ചത്. സിബിഎൽ ഉപേക്ഷിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് വള്ളംകളി സംരക്ഷണ സമിതി നിരന്തരം ആവശ്യപ്പെടുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഓള പരപ്പിൽ ആവേശ തുഴയെറിയാൻ ക്ലബുകൾ അവസാനഘട്ട തയ്യാറെടുപ്പിലാണ്.

SCROLL FOR NEXT