NEWSROOM

നെഹ്‌റു ട്രോഫി വള്ളംകളി തർക്കം കോടതിയിലേക്ക്; വിജയിയെ പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീയപുരം ഹർജി നൽകും

ഫലം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വീയപുരം പ്രതിഷേധിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

നെഹ്‌റു ട്രോഫി വള്ളംകളി ഫലത്തെച്ചൊല്ലിയുള്ള തർക്കം കോടതിയിലേക്ക്. വിജയികളായ കാരിച്ചാലിനെതിരെ, ഫൈനലില്‍ രണ്ടാമതെത്തിയ വീയപുരമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കാനൊരുങ്ങുന്നത്. വിധി നിർണയത്തിൽ അപാകതയുണ്ടെന്നാണ് വീയപുരത്തിന്‍റെ ആരോപണം. യഥാർത്ഥ വിജയികൾ തങ്ങളാണെന്നാണ് വീയപുരത്തിന്‍റെ അവകാശവാദം.

ഫലം പ്രഖ്യാപിച്ചപ്പോള്‍ തന്നെ തീരുമാനത്തിനെതിരെ വീയപുരം പ്രതിഷേധിച്ചിരുന്നു. കാരിച്ചാലിൻ്റെ വിജയം അംഗീകരിക്കില്ലെന്നും, വീഡിയോ കാണണമെന്നും വീയപുരം ആവശ്യമുന്നയിച്ചു. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗവും വിജയത്തിൽ പ്രതിഷേധമറിയിച്ചു.

അഞ്ച് മൈക്രോ സെക്കൻഡിൻ്റെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാൽ വീയപുരത്തെ മറികടന്ന് ഇത്തവണ ജേതാക്കളായത്. ഇത് തുടർച്ചയായ അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നെഹ്റു ട്രോഫി കിരീടം സ്വന്തമാകുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാല്‍, നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം, വിബിസി കൈനകരിയുടെ വീയപുരം, കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം എന്നീ നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. ഇത്തവണ നെഹ്റു ട്രോഫിയിൽ 19 ചുണ്ടൻ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് പങ്കെടുത്തത്.

SCROLL FOR NEXT