ആലപ്പുഴയിൽ നെഹ്റുട്രോഫിയുടെ ആവേശനിമിഷങ്ങള്‍ കോർത്തിണക്കി ചിത്ര പ്രദര്‍ശനം. തുഴത്താളമെന്ന് പേരിട്ട ചിത്രപ്രദര്‍ശനം ലളിതകല അക്കാദമി ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
നെഹ്റു ട്രോഫിയുടെ ആവേശനിമിഷങ്ങളുടെ നേര്‍ക്കാഴ്ചകളാണ് നഗരചത്വരത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രപ്രദർശനത്തിലുള്ളത്. വിവിധ മാധ്യമങ്ങളിൽ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പല കാലങ്ങളിലായി പകര്‍ത്തിയ ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ പ്രസ് ക്ലബ്ബിൻ്റെയും നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പ്രദർശനം. നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശവും വീറും വാശിയും ഒട്ടും ചോരാതെ ഫ്രെയിമുകളിലൂടെ കണ്ടാസ്വദിക്കാൻ സാധിക്കുന്നു.
നെഹ്റുട്രോഫി പബ്ലിസിറ്റി കമ്മിറ്റിയുടെ മാധ്യമപുരസ്കാരം നേടിയ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. സി. ബിജു, നിഖില്‍ രാജ്, വിഘ്‌നേഷ് കൃഷ്ണമൂര്‍ത്തി, സജിത്ത് ബാബു, കെ.എസ്. ആനന്ദ്, വിഷ്ണു കുമരകം, മഹേഷ് മോഹന്‍, പി.ആര്‍. സുരേഷ്, പി. മോഹനന്‍ എന്നിവരുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. സബ് കലക്ടറും നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ സെക്രട്ടറിയുമായ സമീര്‍ കിഷന്‍ പ്രദർശനം ഉദ്ഘാടനം ചെയ്തു. 27നാണ് ചിത്ര പ്രദർശനത്തിൻ്റെ സമാപനം.