NEWSROOM

പുന്നമടയിൽ ആവേശത്തുഴയെറിയാൻ 72 വള്ളങ്ങൾ; 'നെഹ്റു ട്രോഫി'യിൽ മുത്തമിടാനൊരുങ്ങി ജലരാജാക്കന്മാർ

74 വള്ളങ്ങൾ ഒമ്പത് വിഭാഗങ്ങളിലായാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളാണ് ഇറങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

പുന്നമടയിൽ ആവേശത്തുഴയെറിയാൻ ഇനി മണിക്കൂറുകൾ മാത്രം. സാധാരണയേക്കാൾ വൈകിയാണ് നടക്കുന്നതെങ്കിലും നെഹ്റു ട്രോഫിക്കായി കുട്ടനാട് മുഴുവൻ പതിവുപോലെ അണിചേർന്നു കഴിഞ്ഞു. 70-ാമത് നെഹ്‌റു ട്രോഫിയിൽ 19 ചുണ്ടൻ വള്ളങ്ങളടക്കം 72 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. പുന്നമടയെ ആവേശം കൊള്ളിക്കാൻ ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സ് മൂന്ന് മണിയോടെ ആരംഭിക്കും.

ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് നെഹ്‌റു ട്രോഫിയ്ക്ക് സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചത്. ആഘോഷങ്ങൾ ഉപേക്ഷിച്ചെങ്കിലും പുന്നമടയുടെ ആവേശത്തിന് തെല്ലും കുറവില്ല.19 ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ 55 കളി വള്ളങ്ങളാണ് പുന്നമടയിൽ കരുത്തറിയിക്കാൻ എത്തുന്നത്.

ALSO READ : നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു


74 വള്ളങ്ങൾ ഒമ്പത് വിഭാഗങ്ങളിലായാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളാണ് ഇറങ്ങുന്നത്. പായിപ്പാടന്‍ നമ്പര്‍ 2, ആലപ്പാടന്‍, ആയാപറമ്പ് പാണ്ടി, ആനാരി, ശ്രീവിനായകന്‍, ചമ്പക്കുളം, സെന്റ് ജോര്‍ജ്, ജവഹര്‍ തായങ്കരി, ചെറുതന ചുണ്ടന്‍, തലവടി ചുണ്ടന്‍, സെന്റ് പയസ്, പായിപ്പാടന്‍, നിരണം ചുണ്ടന്‍, വീയപുരം, നടുഭാഗം, കരുവാറ്റ, വലിയദിവാന്‍ജി, മേല്‍പ്പാടം, കാരിച്ചാല്‍ എന്നിവരാണ് കളത്തിലിറങ്ങുക.

അഞ്ചു ഹീറ്റ്‌സുകളിലായാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ നടക്കുക. ആദ്യ നാല് ഹീറ്റ്‌സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സില്‍ മൂന്ന് വള്ളങ്ങളും പോരിനിറങ്ങും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക.


ആദ്യ 16ൽ എത്തുന്ന മറ്റ് ചുണ്ടൻ വള്ളങ്ങൾ ലൂസേഴ്സ്സ് ഫൈനലിലും മാറ്റുരയ്ക്കും. ചുരുളന്‍ വിഭാഗത്തിൽ മൂന്ന്, ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ നാല്, ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 16, ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 14, വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ 7, വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ 4, തെക്കനോടി തറ വിഭാഗത്തിൽ 3, തെക്കനോടി കെട്ട് വിഭാഗത്തിൽ 4 എന്നിങ്ങനെയാണ് മത്സരിക്കുന്ന മറ്റു വള്ളങ്ങളുടെ എണ്ണം.

ചെറുവള്ളങ്ങളുടെ ഹീറ്റ്‌സോടെ രാവിലെ 11-ന് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. വെള്ളിക്കപ്പിൽ മുത്തമിടുന്ന പുന്നമടയിലെ വേഗരാജാവിനായുള കാത്തിരിപ്പിലാണ് വള്ളംകളി ആരാധകർ.

SCROLL FOR NEXT