നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ മൊഴി പുറത്ത്. കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാൾ സമീപവാസിയായ പുഷ്പയാണെന്നും, അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും ചെന്താമരയുടെ മൊഴി. "താൻ പുറത്തിറങ്ങാതിരിക്കാൻ മാസ് പെറ്റീഷൻ നൽകിയവരിൽ പുഷ്പയും ഉണ്ട്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പുഷ്പ രക്ഷപ്പെട്ടു", ആലത്തൂർ ഡിവൈഎസ്‌പിയുടെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ.
ഇന്ന് ചെന്താമരയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് 400 പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഒരു കൂസലുമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതക വിവരങ്ങൾ പങ്കുവച്ചത്. 40 മിനിറ്റോളം തെളിവെടുപ്പ് നീണ്ടുനിന്നു.
അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും എങ്ങനെ കൊന്നുവെന്ന് ഒരു കൂസലുമില്ലാതെ പ്രതി വിശദീകരിച്ചു. പിന്നീട് കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിച്ച ചെന്താമരയുടെ വീട്, മൊബൈൽ ഫോൺ ഉപേക്ഷിച്ച സ്ഥലം, ഒളിവിൽ പോയ സ്ഥലം, പ്രതിയെ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് പൂർത്തിയായി മടങ്ങുന്നതിന് മുൻപ്, ചെന്താമരയുടെ ഭീഷണി നേരിട്ട പുഷ്പയും, അയൽവാസിയായ വീട്ടമ്മയും കൊന്നത് ഇയാൾ തന്നെയെന്ന് പൊലീസിനോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി ചെന്താമര അയൽവാസി പുഷ്പയെ കൊല്ലാൻ പറ്റാത്തതിലുള്ള നിരാശ പ്രകടിപ്പിച്ചത്.