NEWSROOM

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് നെന്മാറ ഇരട്ട കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ മൂന്നു മണിവരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ആലത്തൂർ കോടതിയുടേതാണ് നടപടി. പ്രതിയുമായി പൊലീസ് പോത്തുണ്ടിയിലേക്ക് തിരിച്ചു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും തെളിവെടുപ്പ്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്ന് ഉച്ചയ്ക്ക് 12 മുതൽ നാളെ വൈകിട്ട് മൂന്നു വരെയാണ് കോടതി അനുവദിച്ച കസ്റ്റഡി സമയം.

കനത്ത സുരക്ഷയെ ഒരുക്കിയാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് 400 പൊലീസുകാരെ സ്ഥലത്ത് നിയോഗിച്ചിരുന്നു. നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ച് വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിത(35) യേയും ഇയാള്‍ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും കൊലപാതകം നടത്തിയത്. കൊലപാതക ശേഷം രക്ഷപ്പെട്ട പ്രതിയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

പ്രതി മാട്ടായിയില്‍ ഉണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് പൊലീസിനൊപ്പം നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. ചെന്താമരയെ പിടികൂടിയതറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് പെപ്പര്‍ സ്പ്രേ ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തിരുന്നു.

SCROLL FOR NEXT