നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര ജാമ്യം ആവശ്യപ്പെട്ട് ആലത്തൂർ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ദിവസം ചിറ്റൂർ കോടതിയിൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചതിന് ശേഷമാണ് ചെന്താമര ജാമ്യാപേക്ഷ നൽകിയത്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യ വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതി വ്യക്തമാക്കി. അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര വീട്ടമ്മയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആദ്യ കൊലക്കേസിൽ ചെന്താമരക്ക് ലഭിച്ച ജാമ്യവും കോടതി റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയ ചെന്താമര കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചിരുന്നു.
കൊല നടത്തിയതിൽ കുറ്റബോധമില്ലെന്നും തൻ്റെ കുടുംബത്തെ തകർത്തെന്നും ചെന്താമര നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയ സ്ഥാപനത്തിലടക്കം ചെന്താമരയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു . എന്നാൽ ചെന്താമര കത്തി വാങ്ങിയിട്ടില്ലെന്ന് സ്ഥാപന ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കത്തി മേടിച്ചതിന് തെളിവുകൾ ഉണ്ടെന്നായിരുന്നു ആലത്തൂർ ഡിവൈഎസ്പിയുടെ പ്രതികരണം.
കനത്ത പൊലീസ് സുരക്ഷയിൽ നടത്തിയ തെളിവെടുപ്പിലാണ് പ്രതി പൊലീസിനോട് കൊലപാതക വിവരങ്ങൾ വ്യക്തമാക്കിയത്. അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും എങ്ങനെ കൊന്നുവെന്ന് ഒരു കൂസലുമില്ലാതെയാണ് പ്രതി നേരത്തെ വിശദീകരിച്ചത്. ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനും, അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടത്. ജനുവരി 28 ന് പ്രതി ചെന്താമരയെ അറസ്റ്റ് ചെയ്തു.