നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്. 2022ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. ജനുവരി 27 ന് നടന്ന ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ ചെന്താമര ഇപ്പോൾ റിമാൻഡിലാണ്.
ഭാര്യയും മക്കളും തന്നോട് അകന്നു കഴിയാൻ കാരണം സജിതയും കുടുംബവും നടത്തിയ ദുർമന്ത്രവാദമാണെന്നാണ് വിശ്വസിക്കുന്നതെന്ന് കേസിൽ പിടിയിലായ ചെന്താമര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. മുടി നീട്ടി വളർത്തിയ ഒരു സ്ത്രീയാണ് കുടുംബം തകരാൻ കാരണമെന്ന് ജ്യോത്സ്യൻ പറഞ്ഞതായാണ് ചെന്താമര അന്നു നൽകിയ മൊഴി. ഈ സംശയവുമായി നടന്ന പ്രതി നീണ്ട മുടിയുള്ള അയൽവാസിയായ സജിതയിൽ തന്റെ പ്രശ്നങ്ങൾക്കുള്ള കാരണക്കാരിയെ കണ്ടെത്തുകയായിരുന്നു. അയൽപക്കത്തുള്ള മറ്റ് രണ്ട് സ്ത്രീകളേയും ചെന്താമര സംശയം തോന്നി ഭീഷണിപ്പെടുത്തിയിരുന്നു. വീടിന്റെ പുറക് വശത്തുള്ള വാതിൽ വഴി അകത്തു കയറിയാണ് ചെന്താമര സജിതയെ വെട്ടികൊലപ്പെടുത്തിയത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇരട്ടക്കൊലപാതകം നടത്തിയത്.
ജനുവരി 27ന് രാവിലെ 10 മണിയോടെയാണ് സുധാകരൻ, ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത്. സുധാകരൻ സംഭവ സ്ഥലത്തുവെച്ചും ലക്ഷ്മി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്. കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് കൊല്ലപ്പെട്ട സുധാകരന്റെ മകൾ ഉന്നയിച്ചത്. പ്രതി ചെന്താമരക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മകൾ ആരോപിച്ചു. ജാമ്യവ്യവസ്ഥയിൽ നെന്മാറ പഞ്ചായത്തിൽ പ്രതി ചെന്താമരയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. നാട്ടുകാർ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പൊലീസ് ഇന്റലിജൻസിനും വീഴ്ചയുണ്ടായെന്നായിരുന്നു റിപ്പോർട്ട്. എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെന്മാറ എസ്എച്ച്ഒ മഹീന്ദ്ര സിംഹനെ സസ്‌പെൻഡ് ചെയ്തിരുന്നു.