NEWSROOM

നെന്മാറ ഇരട്ടക്കൊല: തെളിവെടുപ്പ് നടത്തി അന്വേഷണസംഘം, പുഷ്പ മിസ്സായെന്ന് ചെന്താമര

ആയുധം വാങ്ങിയ കടയിലും പൊലീസ് ചെന്താമരയുമായി തെളിവെടുപ്പ് നടത്തി. കടയുടമ ശ്രീധരൻ ചെന്താമരയെ തിരിച്ചറിഞ്ഞു

Author : ന്യൂസ് ഡെസ്ക്

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ സ്ഥാപനത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എന്നാൽ പ്രതി സ്ഥാപനത്തിൽ നിന്നും കത്തി വാങ്ങിയിട്ടില്ലെന്ന് സ്ഥാപന ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചു. കത്തി മേടിച്ചതിന് തെളിവുകൾ ഉണ്ടെന്ന് ആലത്തൂർ ഡിവൈഎസ്പി പ്രതികരിച്ചു. എലവഞ്ചേരി അഗ്രോ എക്യുപ്സ് എന്ന സ്ഥാപനത്തിലെത്തിച്ചാണ് പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന് കത്തി വാങ്ങിയത് ഇവിടെ നിന്നാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. എന്നാൽ ചെന്താമരയ്ക്ക് കത്തി വിറ്റിട്ടില്ല എന്നായിരുന്നു സ്ഥാപന ഉടമയുടെ പ്രതികരണം.

എന്നാൽ ചെന്താമര കത്തി വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പി വ്യക്തമാക്കി. ചെന്താമര കാട് വെട്ടാനായി എലവഞ്ചേരിയിലെ മറ്റൊരു കടയിൽ നിന്നും കത്തി വാങ്ങിയിരുന്നു. ഇവിടെയും തെളിവെടുപ്പ് നടത്തി. കടയുടമചെന്താമരയെ തിരിച്ചറിഞ്ഞു. ഇന്നലെ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നതെങ്കിൽ, ഇന്ന് മുപ്പതോളം പേർ മാത്രമാണുണ്ടായിരുന്നത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, അയൽവാസിയായ പുഷ്പ മിസ്സായെന്ന് ചെന്താമര പറഞ്ഞതായി ആലത്തൂർ ഡിവൈഎസ്പി അറിയിച്ചു. എന്തിനാണ് പുഷ്പയെ കണ്ണുരുട്ടിയതെന്ന ചോദ്യത്തിനാണ് ചെന്താമരയുടെ മറുപടി. തന്റെ വീട് മകൾക്കുള്ളതാണെന്നും ചെന്താമര അറിയിച്ചു. കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാൾ സമീപവാസിയായ പുഷ്പയാണെന്നും, അവരെ വകവരുത്താൻ പറ്റാത്തതിൽ നിരാശയുണ്ടെന്നും കഴിഞ്ഞ ദിവസവും ചെന്താമര മൊഴി നൽകിയിരുന്നു. "താൻ പുറത്തിറങ്ങാതിരിക്കാൻ മാസ് പെറ്റീഷൻ നൽകിയവരിൽ പുഷ്പയും ഉണ്ട്. ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പുഷ്പ രക്ഷപ്പെട്ടു", ആലത്തൂർ ഡിവൈഎസ്‌പിയുടെ ചോദ്യം ചെയ്യലിലായിരുന്നു ചെന്താമരയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസവും ചെന്താമരയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും എങ്ങനെ കൊന്നുവെന്ന് ഒരു കൂസലുമില്ലാതെ പ്രതി വിശദീകരിച്ചു. പിന്നീട് കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിച്ച ചെന്താമരയുടെ വീട്, മൊബൈൽ ഫോൺ ഉപേക്ഷിച്ച സ്ഥലം, ഒളിവിൽ പോയ സ്ഥലം, പ്രതിയെ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് പൂർത്തിയായി മടങ്ങുന്നതിന് മുൻപ്, ചെന്താമരയുടെ ഭീഷണി നേരിട്ട പുഷ്പയും, അയൽവാസിയായ വീട്ടമ്മയും കൊന്നത് ഇയാൾ തന്നെയെന്ന് പൊലീസിനോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി ചെന്താമര അയൽവാസി പുഷ്പയെ കൊല്ലാൻ പറ്റാത്തതിലുള്ള നിരാശ പ്രകടിപ്പിച്ചത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 

നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. അഞ്ച് വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിത(35) യേയും ഇയാള്‍ വെട്ടിക്കൊന്നിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും കൊലപാതകം നടത്തിയത്. കൊലപാതക ശേഷം രക്ഷപ്പെട്ട പ്രതിയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.

SCROLL FOR NEXT