NEWSROOM

ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടതായി സൂചന; പൊലീസ് വീഴ്ചയിൽ റിപ്പോർട്ട് തേടി എഡിജിപി

എഡിജിപി മനോജ് എബ്രഹാമാണ് പാലക്കാട് എസ്‌പിയോട് റിപ്പോർട്ട് ചോദിച്ചത്

Author : ന്യൂസ് ഡെസ്ക്


നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടതായി സൂചന. ഇതിന് പിന്നാലെ പൊലീസ് പാലക്കാട് നഗരത്തിലും തിരച്ചിൽ നടത്തുന്നുണ്ട്. ചെന്താമര മലയിൽ തന്നെയുണ്ടെന്ന് സംശയിക്കുന്നതായി നേരത്തെ പാലക്കാട് എസ്‌പി ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ പോയ സംഘം മടങ്ങിവരികയാണെന്നും തിരച്ചിലിന് കൂടുതൽ പേരെ നിയോഗിക്കുമെന്നും എസ്‌പി അറിയിച്ചു. പോത്തുണ്ടി നെല്ലിച്ചോട് മേഖലയിൽ കൂടുതൽ പൊലീസ് സംഘം തെരച്ചിലിനായി എത്തിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചും ഇവിടെ തെരച്ചിൽ നടത്തുന്നുണ്ട്.


കൊലപാതകത്തിന് പിന്നിലെ പൊലീസ് വീഴ്ചയിൽ എഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമാണ് പാലക്കാട് എസ്‌പിയോട് റിപ്പോർട്ട് ചോദിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിൽ നടപടി എടുക്കാത്തതിലാണ് അന്വേഷണം.


തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സുധാകരന്റെ വീട്ടിലെത്തിയ ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊന്നത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലക്ഷ്മി മരിച്ചത്. വെട്ടിക്കൊന്ന ശേഷം ചെന്താമര നെല്ലിയാമ്പതി മേഖലയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.


അതേസമയം, ചെന്താമരയ്ക്ക് 'കൂടോത്ര'ത്തെ ഭയമായിരുന്നുവെന്ന തരത്തിലുള്ള മൊഴികളും പുറത്തുവന്നിട്ടുണ്ട്. ചെന്താമരയുടെ ഭാര്യ വേർപിരിയാൻ കാരണം അയൽവാസികളുടെ കൂടോത്രമാണെന്നാണ് ഇയാൾ തെറ്റിദ്ധരിച്ചത്. ഇതിന് പിന്നാലെയാണ് ഈ പകയുടെ പുറത്ത് 2019ൽ സുധാകരൻ്റെ ഭാര്യ സജിതയെ പ്രതി വെട്ടിക്കൊന്നത്. അന്ന് പൊലീസിൽ നൽകിയ മൊഴിയിലാണ് സജിതയുടെ കുടുംബം കൂടോത്രം ചെയ്തതായി സംശയമുണ്ടെന്ന് പ്രതി പറഞ്ഞത്.

അതേസമയം, നെന്മാറ ഇരട്ട കൊലപാതകത്തിൽ സുധാകരനേയും വയോധികയായ അമ്മയേയും പ്രതി വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. പോത്തുണ്ടിയിൽ കൊല്ലപ്പെട്ട രണ്ടു പേർക്കും മാരക മുറിവുകളാണുള്ളത്. വയോധിക ലക്ഷ്മിയുടെ ശരീരത്തിൽ പന്ത്രണ്ട് വെട്ടേറ്റിട്ടുണ്ട്. മകൻ സുധാകരന് ആറ് തവണയും വെട്ടേറ്റു. ലക്ഷ്മിയുടെ മൃതദേഹത്തിൽ തലയ്ക്കും നടുവിനും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. സുധാകരന്റെ കഴുത്തിനും തലയ്ക്കും ഗുരുതരമായി മുറിവേറ്റിരുന്നു.

SCROLL FOR NEXT