NEWSROOM

ഒടുവില്‍ ചെന്താമര കുടുങ്ങി; പിടിയിലായത് കൊലപാതകം നടന്ന് 36 മണിക്കൂറിന് ശേഷം

പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ ഒളിവില്‍ പോയ ചെന്താമരയെ ഒടുവില്‍ പിടികൂടി. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പ്രദേശത്തു നിന്ന് ചെന്താമര ഓടിമറയുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് വ്യാപക തെരച്ചില്‍ പൊലീസ് നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

പിന്നാലെ, തെരച്ചില്‍ അവസാനിപ്പിച്ചതായും നാളെ വീണ്ടും തുടരുമെന്നും പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘം പ്രതിയെ കണ്ടെത്തിയത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തെരച്ചിലാണ് ഇന്ന് നടത്തിയത്. ഇയാള്‍ക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ വിവരങ്ങൾ നാളെ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് രാത്രി ചോദ്യം ചെയ്യും. 

പ്രതിയെ പിടികൂടിയെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ നാട്ടുകാർ നെന്മാറ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. പ്രതിയെ കൈകാര്യം ചെയ്യുമെന്ന നിലയിലായിരുന്നു നാട്ടുകാർ. സ്ഥലത്ത് സംഘർഷമുണ്ടായതോടെ പൊലീസ് ഇലക്ട്രിക് ലാത്തിയും പെപ്പർ സ്പ്രേയും ഉപയോഗിച്ചു. ജനരോഷം അണപൊട്ടിയതോടെ സ്റ്റേഷനിലെ ഗേറ്റടക്കം തകർന്നു. 

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സുധാകരൻ, ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടിക്കൊന്നത്. ഇതിനു ശേഷം ഇയാൾ നെല്ലിയാമ്പതി മേഖലയിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. 

സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചും ലക്ഷ്മി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരണപ്പെട്ടത്. അഞ്ച് വർഷം മുമ്പ് സുധാകരൻ്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ചെന്താമര. ജാമ്യത്തിലിറങ്ങിയതിനു ശേഷമാണ് വീണ്ടും അരുംകൊല നടത്തിയത്. ഇന്നാണ് സുധാകരൻ്റെയും ലക്ഷ്മിയുടേയും സംസ്കാരം നടന്നത്. 


ചെന്താമരയ്ക്ക് 'കൂടോത്ര'ത്തെ ഭയമായിരുന്നുവെന്ന തരത്തിലുള്ള മൊഴികളും പുറത്തുവന്നിട്ടുണ്ട്. ചെന്താമരയുടെ ഭാര്യ വേര്‍പിരിയാന്‍ കാരണം അയല്‍വാസികളുടെ കൂടോത്രമാണെന്നാണ് ഇയാള്‍ തെറ്റിദ്ധരിച്ചത്. ഇതിന് പിന്നാലെയാണ് ഈ പകയുടെ പുറത്ത് 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ പ്രതി വെട്ടിക്കൊന്നത്. അന്ന് പൊലീസില്‍ നല്‍കിയ മൊഴിയിലാണ് സജിതയുടെ കുടുംബം കൂടോത്രം ചെയ്തതായി സംശയമുണ്ടെന്ന് പ്രതി പറഞ്ഞത്.


കൊലപാതകത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ ഉന്നയിച്ചത്. പ്രതി ചെന്താമരക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് മകള്‍ ആരോപിച്ചു. ഡിസംബര്‍ 29 നാണ് പരാതി നല്‍കിയത്. പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ അച്ഛന്‍ കൊല്ലപ്പെടില്ലായിരുന്നു എന്ന് മകള്‍ പറഞ്ഞു. 

കൊലപാതകത്തില്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയതായി പാലക്കാട് എസ്പി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥയില്‍ നെന്മാറ പഞ്ചായത്തില്‍ പ്രതി ചെന്താമരയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പൊലീസ് ഇന്റലിജന്‍സിനും വീഴ്ചയുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ട്. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെന്മാറ എസ്എച്ച്ഒ മഹീന്ദ്ര സിംഹനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

SCROLL FOR NEXT