NEWSROOM

സഹതടവുകാര്‍ക്ക് എതിര്‍പ്പ്, സുരക്ഷാ പ്രശ്‌നങ്ങളും; ചെന്താമരയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കാട്ടി ആലത്തൂര്‍ സബ് ജയില്‍ അധികൃതര്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

നെന്മാറ ഇരട്ടക്കൊലപാതക്കേസിലെ പ്രതി ചെന്താമരയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. ഇന്ന് വൈകിട്ടോടെയാണ് പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. സുരക്ഷാ പ്രശ്‌നങ്ങളും ചെന്താമരയ്‌ക്കൊപ്പം താമസിക്കാന്‍ മറ്റ് തടവുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുമാണ് ജയില്‍ മാറ്റാന്‍ കാരണം. വിയ്യൂരിലെ അതീവസുരക്ഷാ ജയിലിലെ ഏകാന്ത തടവിലേക്കാണ് മാറ്റിയത്.


ആലത്തൂര്‍ സബ് ജയിലിലായിരുന്ന ചെന്താമരയെ മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീടാണ് വിയ്യൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കാട്ടി ആലത്തൂര്‍ സബ് ജയില്‍ അധികൃതര്‍ നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കനത്ത സുരക്ഷയിലായിരുന്നു ജയിൽമാറ്റം. സജിത കൊലപാതകത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായിരിക്കെയാണ് ചെന്താമര ജാമ്യത്തിലിറങ്ങിയത്.

അതേസമയം, ചെന്താമരയെ പിടികൂടിയ രാത്രിയില്‍ നടന്ന ജനകീയ പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാല്‍ തിരിച്ചറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റിയെന്നും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്‍ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര വെട്ടിക്കൊന്നത്. അഞ്ച് വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിത(35) യേയും ഇയാള്‍ വെട്ടിക്കൊന്നിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും കൊലപാതകം നടത്തിയത്. കൊലപാതക ശേഷം രക്ഷപ്പെട്ട പ്രതിയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെ ബോയന്‍ കോളനിയിലെ വീട്ടിലേക്കുവരുന്ന വഴിയിലാണ് ചെന്താമരയെ പോലീസ് പിടികൂടിയത്.

രാത്രി 11 മണിയോടെ ഇയാളെ നെന്മാറ പോലീസ് സ്റ്റേഷനിലെത്തിച്ചു. ചൊവ്വാഴ്ച രാത്രി ഇയാള്‍ മാട്ടായിയില്‍ ഉണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് പൊലീസിനൊപ്പം നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ചെന്താമരയെ പിടികൂടിയതറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് പെപ്പര്‍ സ്പ്രേ  ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.

SCROLL FOR NEXT