NEWSROOM

നെന്മാറ ഇരട്ടകൊലപാതകം; പ്രതി ചെന്താമരയ്ക്ക് വേണ്ടിയുള്ള തിരച്ചിലിനായി കൂടുതൽ പൊലീസ് സംഘമെത്തും

പ്രതിയുടെ വീട്ടിൽ നിന്നും വിഷക്കുപ്പി കണ്ടതിയ സാഹചര്യത്തിൽ സമീപത്തെ കുളങ്ങളിലുൾപ്പടെ പരിശോധന നടത്താൻ മുങ്ങൽ വിദഗ്ധരുമെത്തും

Author : ന്യൂസ് ഡെസ്ക്


പാലക്കാട് നെന്മാറ ഇരട്ടകൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. നെന്മാറ, പോത്തുണ്ടി, നെല്ലിയാമ്പതി, തമിഴ്നാട് കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. കൂടുതൽ പൊലീസ് സംഘം തിരച്ചിലിനായി എത്തും. പ്രതിയുടെ വീട്ടിൽ നിന്നും വിഷക്കുപ്പി കണ്ടതിയ സാഹചര്യത്തിൽ സമീപത്തെ കുളങ്ങളിലുൾപ്പടെ പരിശോധന നടത്താൻ മുങ്ങൽ വിദഗ്ധരുമെത്തും.

അതേസമയം, കൊല്ലപ്പെട്ട സുധാകരന്റെയും, അമ്മ ലക്ഷ്മിയുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പൊലീസിന്റെ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും.

പ്രതി ചെന്താമര ഭീഷണിപ്പെടുത്തിയെന്ന് അയൽവാസി പുഷ്പയുടെ മൊഴി. ചെന്താമരക്കെതിരെ നാട്ടുകാർ നൽകിയ പരാതിയിലും പൊലീസ് നടപടിയെടുത്തില്ല. പൊലീസ് നടപടിയെടുത്തിരുന്നേൽ രണ്ടു ജീവനുകൾ രക്ഷപ്പെട്ടേനെയെന്നും പുഷ്പ പറഞ്ഞു. പരാതി പറഞ്ഞ തനിക്കെതിരെയും ഭീഷണിയുണ്ട്. ചെന്താമരയുടെ വീടിനടുത്ത് ജീവിക്കാൻ പേടിയെന്നും പുഷ്‌പ പറഞ്ഞു.

കഴിഞ്ഞ​ദിവസം രാവിലെ പത്ത് മണിയോടെയാണ് സുധാകരന്റെ വീട്ടിലെത്തിയ ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊന്നത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലക്ഷ്മി മരണപ്പെട്ടത്. ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു. വെട്ടിക്കൊന്ന ശേഷം ചെന്താമര നെല്ലിയാമ്പതി മേഖലയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ച് വര്‍ഷം മുമ്പാണ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നത്. ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഭാര്യയും താനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന ധാരണയാണ് ആദ്യത്തെ കൊലപാതകത്തിലേക്ക് നയിച്ചത്. സജിതയും ചെന്താമരയുടെ ഭാര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു.

SCROLL FOR NEXT