NEWSROOM

ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുത്തില്ല; നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

നെന്മാറ പഞ്ചായത്തില്‍ പ്രതി ചെന്താമരയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

Author : ന്യൂസ് ഡെസ്ക്

നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനു പിന്നാലെ നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. എസ്എച്ച്ഒ മഹീന്ദ്ര സിംഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുക്കാത്തതിലാണ് നടപടി.

കൊലപാതകത്തില്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയതായി പാലക്കാട് എസ്പി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥയില്‍ നെന്മാറ പഞ്ചായത്തില്‍ പ്രതി ചെന്താമരയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പൊലീസ് ഇന്റലിജന്‍സിനും വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ചെന്താമരയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയ പൊലീസ് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു. സുധാകരനും അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടിട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ കാടും നാടും, കുളവും, പുഴയുമെല്ലാം അരിച്ചു പെറുക്കുകയാണ് പൊലീസ്. എന്നിട്ടും ചെന്താമരയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പരിശോധന നാളെ കൂടുതല്‍ ശക്തമാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ അറിയിച്ചു.

ഇതിനിടെ ചെന്താമരയുടെ ഫോണ്‍, തിരുവമ്പാടിയിലുണ്ടെന്ന വിവരത്തില്‍ പൊലീസ് അവിടെയും അന്വേഷണം നടത്തി. തിരുവമ്പാടിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി കുറച്ചുകാലം ജോലി ചെയ്ത ചെന്താമര, സുഹൃത്തായ മണികണ്ഠന് നല്‍കിയ ഫോണായിരുന്നു ഇതെന്ന് വ്യക്തമായി. പൊള്ളാച്ചി, സേലം ബസ് സ്റ്റാന്റുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിയ്ക്കും.

SCROLL FOR NEXT