ഇസ്രയേലിനുള്ള ആയുധ വിതരണം നിർത്തലാക്കുമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണിന്‍റെ പ്രസ്താവനയെ വിമർശിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടുകള്‍ ലജ്ജാകരമാണെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. ലബനനില്‍ ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ച നീക്കത്തേയും ഫ്രഞ്ച് പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ഫ്രഞ്ച് ബ്രോഡ്കാസ്റ്ററായ ഫ്രാന്‍സ് ഇന്‍ററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാക്രോണിന്‍റെ ആഭിപ്രായപ്രകടനം.
"ഗാസയിലെ യുദ്ധത്തിനായി ആയുധങ്ങൾ എത്തിക്കുന്നത് നിർത്തുക എന്ന രാഷ്ട്രീയ പരിഹാരത്തിനാണ് ഇന്ന് മുൻഗണന നൽകേണ്ടതെന്ന് ഞാൻ കരുതുന്നു", മാക്രോണ്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ വെടിനിർത്തലിനായി ആവശ്യപ്പെട്ടിട്ടും ഗാസയില്‍ ഇസ്രയേല്‍ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ മാക്രോണ്‍ ആശങ്കയും പ്രകടിപ്പിച്ചു.
"ഞങ്ങളെ അവർ കേള്‍ക്കുന്നില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇസ്രയേലിന്‍റെ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തില്‍ തെറ്റായ കാര്യമാണിത്", മാക്രോണ്‍ പറഞ്ഞു. യുദ്ധം വെറുപ്പാണ് സൃഷ്ടിക്കുന്നതെന്നും ഫ്രഞ്ച് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
Also Read: ഗാസയിലെ സ്കൂളുകള്‍ക്കും അനാഥാലയത്തിനും നേരെ ആക്രമണം; 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളടക്കം 51 പേർ
ഇമ്മാനുവേല്‍ മാക്രോണിന്‍റെ പ്രസ്താവനയ്ക്ക് ഉടനടി തന്നെ നെതന്യാഹുവിന്‍റെ ഭാഗത്ത് നിന്നും മറുപടിയും വന്നു.
"ഇറാൻ്റെ നേതൃത്വത്തിലുള്ള പ്രാകൃത ശക്തികളോട് ഇസ്രയേൽ പോരാടുമ്പോൾ, എല്ലാ പരിഷ്കൃത രാജ്യങ്ങളും ഇസ്രയേലിൻ്റെ പക്ഷത്ത് ഉറച്ചുനിൽക്കുകയാണ് വെണ്ടത്. പക്ഷെ, പ്രസിഡൻ്റ് മാക്രോണും മറ്റ് പാശ്ചാത്യ നേതാക്കളും ഇപ്പോൾ ഇസ്രയേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുകയാണ്. അവരോട് ലജ്ജ തോന്നുന്നു", നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.
ബദ്ധവൈരിയായ ഇറാൻ്റെ പിന്തുണയുള്ള ,സായുധ സംഘങ്ങള്‍ക്കെതിരെ ഇസ്രയേൽ പല മുന്നണികളിലും യുദ്ധം ചെയ്യുകയാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
നെതന്യാഹുവിന്‍റെ മറുപടിക്ക് പിന്നാലെ ശനിയാഴ്ച മാക്രോണിന്‍റെ ഓഫീസും പ്രസ്താവനയിറക്കി. ഫ്രാന്‍സ് ഇസ്രയേലിന്‍റെ ഉറ്റ സുഹൃത്താണെന്ന് വ്യക്തമാക്കിയ പ്രസ്താവന നെതന്യാഹുവിന്‍റെ പ്രതികരണം അതിരുകടന്നുവെന്നും കൂട്ടിച്ചേർത്തു.
ഇസ്രയേല്‍ വിമർശിക്കുമ്പോഴും പല രാജ്യങ്ങളും മാക്രോണിന്‍റെ പ്രതികരണത്തിനു പിന്തുണ നല്‍കി രംഗത്തുവരുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനപ്പെട്ട നീക്കമായാണ് മാക്രോണിന്‍റെ പ്രസ്താവനയെ ഖത്തർ വിശേഷിപ്പിച്ചത്. ജോർദാനും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പരാമർശങ്ങളെ സ്വാഗതം ചെയ്തു. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തലാക്കുന്നത് അവരുടെ പ്രവർത്തനങ്ങളുടെ അനന്തര ഫലമാണെന്നായിരുന്നു ജോർദാന്‍റെ നിരീക്ഷണം.
Also Read: ഇറാനെതിരെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേൽ; 'ആക്രമണങ്ങളോട് പ്രതികരിക്കേണ്ടത് ഇസ്രയേലിൻ്റെ കടമ'
ലബനനിലെ സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ പ്രധാനമെന്നും മാക്രോണ്‍ ഫ്രാന്‍സ് ഇന്‍ററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലബനന്‍ മറ്റൊരു ഗാസ ആകാന്‍ സമ്മതിക്കരുതെന്നും മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. പാരിസില്‍ നടന്ന ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളുടെ സമ്മേളനത്തിലും ഇതേ വിഷയം മാക്രോണ്‍ ഉയർത്തിക്കൊണ്ടുവന്നു.
ഫ്രാന്‍സും കാനഡയുമടക്കം 88 ആംഗരാജ്യങ്ങളുള്ള ലാ ഫ്രാന്‍കോഫോണി (ഒഐഎഫ്) ലബനനില്‍ അടിയന്തരവും നിരന്തരവുമായ വെടിനിർത്തലിനു ആവശ്യപ്പെട്ടതായും മാക്രോണ്‍ അറിയിച്ചു.
അതേസമയം, ബെയ്‌റൂട്ടിലും ഗാസയിലും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. ഗാസയിലെ പള്ളിയിലും സ്കൂളിലും ഉൾപ്പെടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. 93 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസയിലെ പള്ളിയും സ്കൂളും ഉൾപ്പെടെ 27 ഇടത്ത് ഇന്നലെ രാത്രിയോടെ ഉഗ്ര സ്ഫോടനമുണ്ടായിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് ആശങ്ക.
ഒക്ടോബർ 7ന് ഗാസ യുദ്ധത്തിന് തുടക്കമിട്ട ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൻ്റെ ഒന്നാം വാർഷികമാണ്. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 41,788 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം കൊടുക്കുന്ന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്ത് 96,794 പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. ഒക്ടോബർ 7ന് നടന്ന ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തില്‍ 1,139പേരാണ് കൊല്ലപ്പെട്ടത്. 239 പേരാണ് ഹമാസിന്‍റെ ബന്ദികളായത്.