NEWSROOM

"നെതന്യാഹു കുളിമുറിയിൽ ശ്രവണോപകരണം സ്ഥാപിച്ചു"; ആരോപണവുമായി ബോറിസ് ജോൺസൺ

സംഭവത്തിന് ശേഷം താൻ നെതന്യാഹുവിൻ്റെ പ്രവൃത്തിയിൽ അത്ഭുതപ്പെട്ടു പോയിരുന്നുവെന്നും ബോറിസ് ജോൺസൺ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതര ആരോപണവുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നെതന്യാഹു തൻ്റെ ബാത്ത് റൂം ഉപയോഗിച്ച് പുറത്തിറങ്ങിയ ശേഷം അവിടെ നിന്ന് ശ്രവണോപകരണം കണ്ടെത്തിയെന്ന് ബോറിസ് ജോൺസൺ ആരോപിച്ചു. വിദേശകാര്യ സെക്രട്ടറി ആയിരിക്കുമ്പോഴാണ് സംഭവം. ഒക്ടോബർ 10ന് പുറത്തിറങ്ങാനിരിക്കുന്ന 'അൺലീഷ്‌ഡ്' എന്ന പുസ്തകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടെന്നും ബോറിസ് ജോൺസൺ അറിയിച്ചു.

2017ൽ നെതന്യാഹു ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ചടങ്ങ് നടക്കുന്നതിനിടെ നെതന്യാഹു ബാത്ത്റൂമിൽ പോകാൻ അനുമതി തേടി. തുട‍‍ർന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥ‍ർ പതിവായി നടത്തുന്ന പരിശോധനയിൽ ബാത്ത്റൂമിൽ നിന്ന് ശ്രവണോപകരണം കണ്ടെത്തുകയായിരുന്നുവെന്നും ബോറിസ് ജോൺസൺ വെളിപ്പെടുത്തി. സംഭവത്തിന് ശേഷം താൻ നെതന്യാഹുവിൻ്റെ പ്രവൃത്തിയിൽ അത്ഭുതപ്പെട്ടു പോയിരുന്നുവെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

അതേസമയം, നെതന്യാഹുവിനെതിരെ സമാനമായ ആരോപണങ്ങൾ നേരത്തെ അമേരിക്കയും ഉയ‍ർത്തിയിരുന്നു. അമേരിക്കയിൽ വൈറ്റ് ഹൗസിൻ്റെ സമീപ പ്രദേശങ്ങളിൽ കണ്ടെത്തിയ ശ്രവണോപകരണങ്ങൾ ഇസ്രയേൽ സ്ഥാപിച്ചതായിരുന്നു എന്നാണ് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥ‍ർ കണ്ടെത്തിയത്.

SCROLL FOR NEXT