NEWSROOM

പുതിയ സഖ്യം, നാടകീയ മുഹൂർത്തങ്ങൾ; ദക്ഷിണാഫ്രിക്കൻ പ്രസിൻ്റായി വീണ്ടും ചുമതലയേറ്റ് സിറിൽ റാമോഫോസ

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ റമോഫോസയുടെ പാർട്ടിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന് ഭരണ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് നേതാവ്(എഎൻസി) സിറിൽ റാമോഫോസ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായ എഎൻസിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുണ്ടാക്കിയ പുതിയ സഖ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് റാമഫോസക്ക് സ്ഥാനം തിരികെ ലഭിച്ചത്.തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ സെൻ്റർ-റൈറ്റ് ഡെമോക്രാറ്റിക് അലിയൻസുമായി(ഡിഎ) ഉണ്ടാക്കിയ സഖ്യം റെമോഫോസക്ക് തുണയായി. അതി നാടകീയ രംഗങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ദക്ഷിണാഫ്രിക്കയിൽ അരങ്ങേറിയത്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ 30 വർഷത്തിനിടെ ആദ്യമായി എഎൻസിക്ക് പാർലിമെൻ്റ് ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ എഎൻസി ആരെ പങ്കാളിയാക്കുമെന്നതിനെ ചൊല്ലിയുള്ള സന്ദേഹങ്ങൾ ഉയർന്നു വന്നു. തെരഞ്ഞെടുപ്പിൽ എഎൻസിക്ക് 40 ശതമാനം വോട്ടും ഡിഎക്ക് 20ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. പിന്നീട് ഇരുപാർട്ടികളും തമ്മിൽ സഖ്യത്തിലാവുകയായിരുന്നു. ഒരു വൈറ്റ്- ബിസിനസ് അനുകൂല പാർട്ടിയായ ഡിഎയും വർണ്ണവിവേചനത്തിന് അന്ത്യം കുറിച്ച നെൽസൺ മണ്ടേലയുടെ പാർട്ടിയായ എഎൻസിയും തമ്മിലുള്ള സഖ്യം ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ നാഴികകല്ലായിരിക്കും. റമോഫോസക്ക് കീഴിലുള്ള മന്ത്രിസഭയിൽ ഡിഎ പാർട്ടിയിൽ നിന്നുള്ള നേതാക്കളും ഭാഗമാകുമെന്നാണ് സൂചന.

നമ്മുടെ രാജ്യത്തെ ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കാനായാണ് ഡിഎ യും എഎൻസിയുമായുള്ള സഖ്യമെന്നാണ് തൻ്റെ വിജയപ്രസംഗത്തിൽ റമോഫോസ പറഞ്ഞത്. എഎൻസി സെക്രട്ടറി ജനറൽ ഫിക്കിലെ എംബുലാലെ ഈ സഖ്യത്തെ വിശേഷിപ്പിച്ചത് ശ്രദ്ധേയമായ ചുവടുവെപ്പെന്നായിരുന്നു.

2018ലെ കടുത്ത പോരാട്ടത്തെ തുടർന്നാണ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും എഎൻസി നേതൃസ്ഥാനത്തിൽ നിന്നും ജേക്കബ് സുമയെ പാർട്ടി ഒഴിവാക്കിയത്.അതോടെ ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സ്ഥാനം റെമോഫോസയുടെ കൈകളിലായി. 1994ൽ നെൽസൺ മണ്ടേല പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ 50 ശതമാനത്തിലധികം വോട്ടുകൾ നേടിയിരുന്ന പാർട്ടിയുടെ ശോഭ മങ്ങി തുടങ്ങിയത് അടുത്തിടക്കാണ്.ദക്ഷിണാഫ്രക്കയിലെ വലിയ രീതിയിലുള്ള അഴിമതികളും, കുറ്റകൃത്യങ്ങളും തൊഴിലില്ലായ്മയും എല്ലാമാണ് പാർട്ടിക്കുണ്ടായിരുന്ന പിന്തുണയിൽ വിള്ളൽ വീഴ്ത്തിയത്.

SCROLL FOR NEXT