NEWSROOM

ഹരിയാനയിൽ ബിജെപി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഒക്ടോബർ 17ന്; പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന ബിജെപി നേതാക്കൾ, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിൽ പുതിയ ബിജെപി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഒക്ടോബർ 17ന്. പഞ്ച്ക്കുളയിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് എന്ന് ബിജെപി നേതൃത്വം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന ബിജെപി നേതാക്കൾ, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. ബിജെപി ഇതുവരെ ആരെയാണ് മുഖ്യമന്ത്രിയായി തീരുമാനിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നയാബ് സിങ് സൈനി തന്നെ തലപ്പത്ത് തുടരുമെന്നാണ് സൂചന. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള ഹരിയാനയിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നയാബ് സൈനിക്ക് മുഖ്യമന്ത്രി പദം നൽകണോ എന്നായിരുന്നു പാർട്ടിയിലെ ചർച്ച. കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുപ്പിന് 200 ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ്, മനോഹർ ലാൽ ഖട്ടറിൻ്റെ മുഖ്യമന്ത്രി സ്ഥാനം നയാബ് സിങ് സൈനിക്ക് നൽകിയത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിക്കുന്നതിൽ അത് നിർണായക പങ്കുവഹിച്ചിരുന്നു.

വ്യാപാരികൾ, യുവാക്കൾ, പിന്നാക്ക വിഭാഗക്കാർ, സർക്കാർ ജീവനക്കാർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന നിരവധി പദ്ധതികൾ നടപ്പാക്കാൻ സൈനിക്ക് കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതാക്കൾ പറയുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും നൽകുന്നതിനായും അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് തടയിടാനുമായി സൈനി സംസ്ഥാനത്ത് 'ഹരിയാന അഗ്നിവീർ പോളിസി' ആരംഭിച്ചിരുന്നു. നിർധനരായ ജനങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ വൈദ്യപരിശോധന നടത്താനും, വൈദ്യുതിയുടെ മിനിമം ചാർജ് ഒഴിവാക്കാനുമുള്ള പദ്ധതികൾക്കും സൈനി തുടക്കമിട്ടിരുന്നു.


SCROLL FOR NEXT