NEWSROOM

"ചരിത്ര നിമിഷം"; പുതിയ ബ്രഹ്മോസ് മിസൈൽ യൂണിറ്റ് രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി

ബ്രഹ്മോസ് മിസൈലുകളുടെ കരുത്തുറ്റ പുതിയ വകഭേദമായ ബ്രഹ്മോസ്-നെക്സ്റ്റ് ജനറേഷൻ മിസൈലുകള്‍ ഈ യൂണിറ്റില്‍ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ-പാക് കലുഷിത സാഹചര്യങ്ങൾക്കിടെ ബ്രഹ്മോസ് ക്രൂസ് മിസൈലുകളുടെ പുതിയ യൂണിറ്റ് രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 300 കോടി രൂപ ചെലവില്‍ ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് പുതിയ യൂണിറ്റ് സജ്ജമായിരിക്കുന്നത്. ബ്രഹ്മോസ് മിസൈലുകളുടെ കരുത്തുറ്റ പുതിയ വകഭേദമായ ബ്രഹ്മോസ്-നെക്സ്റ്റ് ജനറേഷൻ മിസൈലുകള്‍ ഈ യൂണിറ്റില്‍ വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ.



വീഡിയോ കോൺഫറൻസിലൂടെയാണ് ബ്രഹ്മോസ് മിസൈലുകളുടെ പുതിയ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തിനും ഉത്തർപ്രദേശിനും ഇന്ന് ചരിത്രനിമിഷമാണെന്ന് ഉദ്ഘാടനവേളയിൽ മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിൽ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഡൽഹിയിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമായതിനാൽ നേരിട്ടെത്താൻ സാധിച്ചില്ല. അതിനാലാണ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നടത്തിയതെന്നും പുതിയ ബ്രഹ്മോസ് യൂണിറ്റ് സൈന്യത്തിൻ്റെ കരുത്ത് കൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

27 വർഷങ്ങൾക്ക് മുൻപ് നടന്ന പൊഖ്റാൻ ആണവ പരീക്ഷണ ദിനത്തെയും പ്രതിരോധ മന്ത്രി ഓർത്തെടുത്തു. "ഇന്ന് ദേശീയ സാങ്കേതിക ദിനമാണ്. 1998ൽ ഈ ദിവസം, അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ, നമ്മുടെ ശാസ്ത്രജ്ഞർ പൊഖ്‌റാനിൽ ആണവ പരീക്ഷണത്തിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ശക്തി കാണിച്ചുകൊടുത്തു. നമ്മുടെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, പ്രതിരോധ ഉദ്യോഗസ്ഥർ, മറ്റു നിരവധി പങ്കാളികൾ എന്നിവരുടെ കഠിന പരിശ്രമത്തിന്റെ ഫലമായിരുന്നു ആ പരീക്ഷണം," രാജ്‌നാഥ് സിങ് പറഞ്ഞു.



ഇന്ത്യയുടെയും റഷ്യയുടെയും പ്രതിരോധ വിഭാഗങ്ങള്‍ സംയുക്തമായി രൂപീകരിച്ച ബ്രഹ്മോസ് എയ്റോ സ്പേസിന്‍റെ ഏറ്റവും നൂതനമായ നെക്സ്റ്റ് ജനറേഷൻ ബ്രഹ്മോസ് മിസൈലുകളാണ് പുതിയ യൂണിറ്റില്‍ വികസിപ്പിക്കുക. 290 മുതൽ 400 കിലോമീറ്റർ വരെ ദൂരപരിധിയും, പരമാവധി 2.8 മാക് വേഗതയും പുതിയ ബ്രഹ്മോസ്-എൻജി മിസൈലുകള്‍ക്ക് ഉണ്ടാകും. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ബ്രഹ്മോസ് മിസൈലുകളുടെ കരുത്തുറ്റ വകഭേദമായിരിക്കും ഇത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ മിസൈൽ നിർമാണ യൂണിറ്റിന് പുറമേ, മിസൈല്‍ സാങ്കേതിക-പരീക്ഷണ കേന്ദ്രമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇന്‍റഗ്രേഷൻ & ടെസ്റ്റിംഗ് ഫെസിലിറ്റിയും ഒരുക്കിയിട്ടുണ്ട്.

2018ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഉത്തർപ്രദേശ് പ്രതിരോധ വ്യാവസായിക ഇടനാഴിയുടെ ഭാഗമാണ് പുതിയ യൂണിറ്റ്. 2021 ഡിസംബറില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തറക്കല്ലിട്ട യൂണിറ്റിന്‍റെ നിർമ്മാണം മൂന്നര വർഷത്തില്‍ പൂർത്തിയായി. 300 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ യൂണിറ്റ് 80 ഹെക്ടറിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മോസ് യൂണിറ്റിന് പുറമെ, യുദ്ധവിമാനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കും വേണ്ടിയുള്ള ടൈറ്റാനിയം, അലോയ് പ്ലാന്‍റും സജ്ജമായിട്ടുണ്ട്.


തുടർച്ചയായുണ്ടായ പാക് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ദീർഘദൂര-പ്രിസിഷന്‍ മിസൈലുകളായ ബ്രഹ്മോസിന്‍റെ പുതിയ യൂണിറ്റ് തയ്യാറാകുന്നത്. ശനിയാഴ്ച പാകിസ്താനിലെ പ്രധാന വ്യോമതാവളങ്ങളും റഡാർ കേന്ദ്രങ്ങളും തകർത്ത ഇന്ത്യ, ഹാമർ, സ്കാല്‍പ് മിസെെലുകള്‍ക്കൊപ്പം ബ്രഹ്മോസ് മിസെെലുകളും പ്രയോഗിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ ഇന്ത്യയുടെ എസ് 400, ബ്രഹ്മോസ് മിസെെല്‍ താവളങ്ങള്‍ തകർത്തുവെന്ന് പാകിസ്ഥാനും അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദം ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തില്‍ ഇന്ത്യ ഔദ്യോഗികമായി തന്നെ തള്ളി.

SCROLL FOR NEXT