മലയാള മനോരമ ദിനപത്രത്തിൻ്റെ എഡിറ്റോറിയല്‍ ഡയറക്ടറായി ജോസ് പനച്ചിപ്പുറം ചുമതലയേല്‍ക്കും. ഇപ്പോഴത്തെ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ് വിരമിക്കുന്ന ഒഴിവിലേക്ക് ജോസ് പനച്ചിപ്പുറത്തെ നിയമിക്കാന്‍ ഡയറക്ടർ ബോർഡ് തീരുമാനിക്കുകയായിരുന്നു. നിലവിൽ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ആണ് ജോസ് പനച്ചിപ്പുറം.
ഉടമസ്ഥരായ കണ്ടത്തില്‍ കുടുംബത്തില്‍ നിന്നുള്ളവരാണ് സാധാരണഗതിയില്‍ പത്രാധിപസ്ഥാനം വഹിക്കുക. കെ.എം മാത്യുവിന്റെ മക്കളായ മാമ്മന്‍ മാത്യു, ഫിലിപ്പ് മാത്യു, ജേക്കബ് മാത്യു എന്നിവരാണ് നിലവില്‍ പത്രത്തിന്റെ ചീഫ് എഡിറ്റര്‍, എഡിറ്റര്‍, മാനേജിങ് എഡിറ്റര്‍ പദവികള്‍ വഹിക്കുന്നത്. പത്രത്തിന്റെ എഡിറ്റോറിയല്‍ ടീമിനെ നയിക്കേണ്ട ഉത്തരവാദിത്തമാണ് എഡിറ്റോറിയല്‍ ഡയറക്ടറുടേത്. ഒപ്പം രണ്ട് അസോസിയേറ്റ് എഡിറ്റര്‍മാരും ഉണ്ടാകും.
തിരുവനന്തപുരത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സയന്‍സ് വിഭാഗത്തില്‍ സബ് എഡിറ്റര്‍ ആയിരുന്ന മാത്യൂസ് വര്‍ഗീസ് 1975-ലാണ് മനോരമയില്‍ ചേരുന്നത്. മനോരമ ദിനപത്രം നടപ്പാക്കിയ നിരവധി സാമൂഹിക സേവന പദ്ധതികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് 73-കാരനായ മാത്യൂസ് വര്‍ഗീസാണ്. സ്‌കൂള്‍ കുട്ടികളെ പത്രത്തിലേക്ക് ആകര്‍ഷിച്ച പഠിപ്പുര പോലുള്ള വൈവിധ്യമാര്‍ന്ന പല പദ്ധതികളും മാത്യൂസ് വര്‍ഗീസിന്റെ മുന്‍കൈയിലാണ് നടപ്പാക്കിയത്. തോമസ് ജേക്കബ് വിരമിച്ചതിനെ തുടര്‍ന്ന് 2017-ലാണ് മാത്യൂസ് വര്‍ഗീസ് മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആവുന്നത്.
കോട്ടയം വാഴൂര്‍ സ്വദേശിയാണ് ജോസ് പനച്ചിപ്പുറം. ഓഡിറ്റർ ആയിരുന്ന അദ്ദേഹത്തെ സാഹിത്യത്തോടും എഴുത്തിനോടുമുള്ള താൽപര്യമാണ് മലയാള മനോരമയിലെത്തിച്ചത്. 'പനച്ചി' എന്ന തൂലിക നാമത്തില്‍ 'തരംഗങ്ങളില്‍' എന്ന പ്രതിവാര ആക്ഷേപ ഹാസ്യ പംക്തി മനോരമയില്‍ ആരംഭിച്ചു. 1979-ല്‍ ആരംഭിച്ച ഈ പംക്തി നിലവില്‍ ഇന്ത്യയിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമുള്ള പംക്തികളില്‍ ഒന്നാണ്.