കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം. പുതിയ മേൽവിലാസം കോട്ട്ല മാർഗ് 9Aയിലെ ഇന്ദിരാഭവൻ എന്നാണ്. സ്വാതന്ത്ര്യത്തിന്ശേഷം സ്വന്തം ഓഫീസ് എന്ന സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് പാർട്ടി ഇപ്പോൾ. പാർട്ടി രൂപീകരണത്തിന്റെ 140 വര്‍ഷത്തിനിടെ ആറാമത്തെ ഓഫീസാണിത്.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി ഇന്ദിരാഭവൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ സ്വതന്ത്ര ഇന്ത്യയില്‍ സ്വന്തമായൊരു ഓഫീസെന്ന കോൺഗ്രസിൻ്റെ സ്വപ്നം യാഥാർത്ഥ്യമായി.രണ്ടേക്കര്‍ സ്ഥലത്ത് ആറു നിലകളുള്ള മന്ദിരത്തിന് ഇന്ദിരാ ഭവന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
ചടങ്ങിൽ പങ്കെടുത്ത രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനമാണ് ആർ എസ് എസിനും മോഹൻ ഭാഗവതിനും നേരെ ഉയർത്തിയത്. RSS പ്രത്യയ യശാസ്ത്രവും ഭരണഘടനലൂന്നിയുള്ള കോൺഗ്രസിൻ്റെ ആശയവും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും രാഹുൽ ആഞ്ഞടിച്ചു.
1947 ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന പ്രസ്താവനയേയും ഭരണഘടന സ്വാതന്ത്ര്യത്തിൻ്റെ ഭാഗമല്ലെന്ന പരാമർശവും ഉർത്തിയാണ് മോഹൻ ഭാഗവതിനെ രാഹുൽ വിമർശിച്ചത്. കോൺഗ്രസിന്റെ പുതിയ ആസ്ഥാന മന്ദിരം നിരവധി കോൺഗ്രസ് പ്രവർത്തകരുടെ ത്യാഗത്തിൻ്റെ പ്രതീകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഉദ്ഘാടനത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവും ശക്തമാണ്. കെട്ടിടത്തിന് മൻമോഹൻ സിങിൻ്റെ പേര് നല്‍കാത്തതില്‍ പ്രതിഷേധിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അന്തരിച്ച മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങിനെയും പിവി നരസിംഹ റാവുനേയുമെല്ലാം കോൺഗ്രസ് അപമാനിച്ചെന്നും ബിജെപി ആരോപിച്ചു.
സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിൻ്റെ ആദ്യ ഓഫീസ് കേരള ഹൗസിന് അടുത്തുള്ള 7 ജന്തർ മന്ദിർ റോഡായിരുന്നു. 1971 ൽ 5 രാജേന്ദ്രപ്രസാദ് റോഡിലേക്ക് മാറി. അവിടെ നിന്നാണ് 1978 ൽ ഇന്നത്തെ ഓഫീസിൽ പാർട്ടി എത്തിനിൽക്കുന്നത്. സ്വന്തമായി ആസ്ഥാനം നിർമിക്കാൻ 30 ലക്ഷം ചെലവഴിച്ച് അടിയന്തരാവസ്ഥ കാലത്ത് തന്നെ പാർട്ടി ഭൂമി വാങ്ങിയിരുന്നു.
രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഈ സ്ഥലത്ത് ശാസ്ത്രി ഭവന് തൊട്ട് മുന്നിൽ തന്നെ ജവഹർ ഭവൻ എന്ന പേരിൽ മൂന്ന് നില ഓഫീസ് കെട്ടിടം 1991 ൽ നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉദ്ഘാടനം നിശ്ചയിച്ച സമയത്ത് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ ശനിദശ ആരോപിച്ച് ജവഹർ ഭവനെ പാർട്ടി കൈവിട്ടു. പിന്നെ 24 അക്ബർ റോഡ് പാർട്ടിയുടെ ഐശ്വര്യമാണെന്ന് പാർട്ടി വിശ്വസിച്ചു.