NEWSROOM

രണ്ട് പതിറ്റാണ്ട് മുൻപ് കേരളം സന്ദർശിച്ച് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്; ഓർമ പുതുക്കി വരാപ്പുഴ ലത്തീൻ കത്തോലിക്ക അതിരൂപത

2004 ഏപ്രിൽ 22ന് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ അദ്ദേഹം എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിന്നാലാമൻ രണ്ട് പതിറ്റാണ്ട് മുന്‍പ് കേരളം സന്ദര്‍ശിച്ചിരുന്നു. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിൻ്റെ സുപ്പീരിയർ ജനറൽ ആയിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്തിയത്.

ആഗോള കത്തോലിക്ക സഭയുടെ പരമാചാര്യൻ കേരളത്തിൽ എത്തിയതിന്റെ ഓർമയിലാണ് വരാപ്പുഴ ലത്തീൻ കത്തോലിക്ക അതിരൂപത. 2004 ഏപ്രിൽ 22ന് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കലൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ അദ്ദേഹം എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അന്ന് അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. തിരുപ്പട്ട സ്വീകരണത്തിന് എത്തിയ മെത്രാനെ സ്വീകരിക്കാന്‍ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. കൊച്ചിയിലെ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ സെമിനാരിയിലും അദ്ദേഹം ഏതാനും ദിവസം താമസിച്ചിട്ടുണ്ട്. അഗസ്റ്റീനിയൻ സമൂഹത്തിന്റെ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും അദ്ദേഹം സന്ദര്‍ശനത്തിനിടെ വിശുദ്ധ കുർബാനയർപ്പിച്ചു. പുതിയ പാപ്പായുടെ കേരള സന്ദർശനത്തിന്റെ ഓർമകളിൽ അഭിമാനം കൊള്ളുകയാണ് അഗസ്റ്റീനിയൻ സന്യാസ സമൂഹവും, കേരള കത്തോലിക്കാസഭയും. 2004ലെ ഇന്ത്യ സന്ദര്‍ശനത്തിനിടെ അദ്ദേഹം തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും സന്ദര്‍ശിച്ചിരുന്നു.

അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ. ആഗോളതലത്തിൽ പരമാധികാര സ്വഭാവമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ അമേരിക്കയിൽ നിന്നുള്ള കർദിനാളുമാരെ മാർപാപ്പമാരായി നേരത്തെ വത്തിക്കാൻ പരിഗണിച്ചിരുന്നില്ല. 2023 മുതലാണ് അമേരിക്കക്കാരെ കർദിനാൾമാരായി പരിഗണിച്ചത്. ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റും ചിക്ലായോയിലെ ആർച്ച് ബിഷപ്പ് എമെറിറ്റസുമായിരുന്നു അദ്ദേഹം.

1955 സെപ്റ്റംബർ 14ന് ചിക്കാഗോയിലെ ഇല്ലിനോയിസിലാണ് ജനിച്ചത്. 1977ൽ സെന്റ് ലൂയിസിലെ ഔവർ ലേഡി ഓഫ് ഗുഡ് കൗൺസിലിന്റെ പരിധിയിലുള്ള ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒ.എസ്.എ.) യുടെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ഓഗസ്റ്റ് 29ന് വ്രതം സ്വീകരിച്ചു. ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ പഠിച്ച അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡിപ്ലോമ നേടി.

SCROLL FOR NEXT