ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മുംബൈ പൊലീസ്. സെയ്ഫിൻ്റെ അപ്പാർട്ട്മെൻ്റിലെ ആറാം നിലയിലുള്ള ലിഫ്റ്റിനടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊബൈൽ ഷോപ്പിൽ അക്രമി നിൽക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തെത്തി.
സിസിടിവി ദൃശ്യങ്ങളിൽ പ്രതി ഒരു മഞ്ഞ ഷർട്ട് ധരിച്ചിരിക്കുന്നതായി കാണാം. എന്നാൽ ഈ ദൃശ്യങ്ങൾ സംഭവത്തിന് മുൻപുള്ളതാണോ, ശേഷമുള്ളതാണോ എന്നത് വ്യക്തമല്ല. കുറ്റകൃത്യം നടന്ന് ഏകദേശം ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മണിയോടെ ദാദറിലെ ഒരു സ്റ്റോറിൽ നിന്നും ഇയാൾ ഹെഡ്‌ഫോൺ വാങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ നീല ഷർട്ട് ധരിച്ചാണുള്ളത്. ദാദറിലെ മൊബൈൽ സ്റ്റോറിലും ഇതേ ഷർട്ട് ധരിച്ചാണ് ഇയാളെ കണ്ടത്.
അതേസമയം ആക്രമണത്തിന് പിന്നിൽ അധോലോക സംഘമല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം വ്യക്തമാക്കി. അക്രമിയുടെ ലക്ഷ്യം മോഷണം മാത്രമാണെന്ന് മന്ത്രി പറയുന്നു. കസ്റ്റഡിയിലെടുത്തിട്ട് വിട്ടയച്ചയാല്‍ പ്രതിയല്ലെന്നും, കസ്റ്റഡിയിൽ എടുത്തയാൾ ഒരു സംഘത്തിലെയും കണ്ണിയല്ലെന്നും യോഗേഷ് കദം പറഞ്ഞു. പൂനെയിൽ നടന്ന വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സെയ്ഫ് അലി ഖാൻ സർക്കാരിൽ നിന്നും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറയുന്നു. നടൻ യാതൊരു വിധ സുരക്ഷയും പരിരക്ഷയും ആവശ്യപ്പെട്ടിട്ടല്ല. എന്നാൽ അപേക്ഷിക്കുകയാണെങ്കിൽ നടപടിക്രമങ്ങൾ പാലിച്ച ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പ് സുരക്ഷ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നടന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാന്‍ ചികിത്സയില്‍ കഴിയുന്നത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സെയ്ഫിന് സാരമായ പരിക്കേറ്റിരുന്നു.
കഴിഞ്ഞദിവസം, പുലർച്ചെയാണ് സെയ്‌ഫ് അലി ഖാനെ കുത്തേറ്റത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്‌സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്.