NEWSROOM

കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല; വ്യാപനശേഷി കൂടിയ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കാലാവസ്ഥയിലുള്ള മാറ്റം രോഗവ്യാപനത്തിന് സാധ്യത കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

കോവിഡിൻ്റെ വ്യാപനശേഷി കൂടിയ  പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. XEC എന്നറിയപ്പെടുന്ന കോവിഡിൻ്റെ പുതിയ വകഭേദമാണ് 27 ഓളം രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലാണ് പുതിയ വകഭേദത്തിൻ്റെ വ്യാപനമുള്ളതെന്നാണ് കണ്ടെത്തൽ.

ജൂണിൽ ആദ്യമായി ജർമനിയിലാണ് രോഗം കണ്ടെത്തുന്നത്. പിന്നീട് യുകെ, യുഎസ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കും രോഗ വ്യാപനമുണ്ടായെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കാലാവസ്ഥയിലുള്ള മാറ്റം രോഗവ്യാപനത്തിന് സാധ്യത കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പക്ഷെ വാക്സിൻ എടുത്ത ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ലെന്നും പറയുന്നുണ്ട്.


നിലവിൽ യൂറോപ്പിൽ പ്രബലമായ KS.1.1, KP.3.3 എന്നീ മുൻകാല ഒമിക്രോൺ ഉപ വകഭേദങ്ങളുടെ ഒരു ഹൈബ്രിഡാണ് XEC വേരിയൻ്റ്. ഇതുവരെ, പോളണ്ട്, നോർവേ, ലക്സംബർഗ്, യുക്രെയ്ൻ, പോർച്ചുഗൽ, ചൈന എന്നീ രാജ്യങ്ങൾ ഉൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള 500 സാമ്പിളുകളിൽ XEC അടങ്ങിയതായി കണ്ടെത്തിയതായി 'ദി ഇൻഡിപെൻഡൻ്റ് ' റിപ്പോർട്ട് ചെയ്തു. ഡെന്മാർക്ക്, ജർമ്മനി, യുകെ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ പുതിയ വകഭേദത്തിൻ്റെ ശക്തമായ വ്യാപനമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കോവിഡിൻ്റെ പുതിയ വകഭേദം നേരത്തെയുണ്ടായിരുന്ന മറ്റു വകഭേദങ്ങളെ അപേക്ഷിച്ച്  ശൈത്യകാലത്ത് വ്യാപനം വർധിച്ചേക്കാമെന്നും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫസർ ഫ്രാങ്കോയിസ് ബലൂക്സ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്‌തു.

SCROLL FOR NEXT