NEWSROOM

സല്‍മാന്‍ റുഷ്ദിക്ക് നേരെയുള്ള വധശ്രമം: ഹാദി മാതർ കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി

കഴുത്തിലും മുഖത്തിലുമടക്കം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 15 തവണയാണ് അക്രമി കുത്തിയത്

Author : ന്യൂസ് ഡെസ്ക്


ബ്രിട്ടീഷ്, അമേരിക്കൻ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിക്കെതിരായ വധശ്രമത്തില്‍ പ്രതി ഹാദി മാതർ കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി. കുറ്റം തെളിഞ്ഞതോടെ 32 വർഷം തടവുശിക്ഷയാണ് 27കാരനായ പ്രതി നേരിടേണ്ടി വരിക. ഏപ്രിൽ 23 നാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. 2022 ആഗസ്റ്റ് 22ന് ന്യൂയോർക്കിൽവെച്ചുനടന്ന ഒരു സാഹിത്യപരിപാടിക്കിടെയാണ് റുഷ്ദി ആക്രമിക്കപ്പെട്ടത്.

കഴുത്തിലും മുഖത്തിലുമടക്കം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 15 തവണയാണ് അക്രമി കുത്തിയത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്നു റുഷ്ദി. ആക്രമണത്തിൽ 77 കാരനായ റുഷ്ദിയുടെ വലതുകണ്ണിന്‍റെ കാഴ്ചയും ഭാഗികമായി നഷ്ടമായിരുന്നു. ഇസ്ലാമിനെ ആക്രമിക്കുന്ന റുഷ്ദിയോടുള്ള വ്യക്തിവെെരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യുഎസ്-ലബനന്‍ ഇരട്ട പൗരത്വമുള്ള പ്രതിയുടെ മൊഴി.

പ്രതിയായ ഹാദി മതാർ തന്നെ ആക്രമിച്ചതായി റുഷ്ദിയും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ വലതു കണ്ണിന് കുത്തേറ്റു. അത്യന്തം വേദനാജനകമായിരുന്നു അത്. ഹെലികോപ്റ്ററിൽ ട്രോമ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ താൻ മരിച്ചു പോകുമെന്ന് തോന്നി എന്നും അദ്ദേഹം പറഞ്ഞു.

റുഷ്ദിയുടെ നാലാമത്തെ നോവലായ സാത്താനിക് വേഴ്സസ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വധശ്രമം ഉണ്ടായത്. 1988 സെപ്റ്റംബറിലാണ് നോവല്‍ പുറത്തിറങ്ങിയത്. ഇന്ത്യയടക്കം ഇരുപത് രാജ്യങ്ങളില്‍ പുസ്തകം നിരോധിച്ചിരുന്നു. 1989 ല്‍ റുഷ്ദിയെ വധിക്കാന്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള റൂഹോള ഖൊമേനി ഫത്വയും പുറത്തിറക്കി. പുസ്തകം എഴുതിയ ആളെ മാത്രമല്ല, പുറത്തിറക്കിയവരേയും വധിക്കണമെന്നായിരുന്നു ആഹ്വാനം. 1998 ലാണ് ഇറാന്‍ ഫത്വ ഔദ്യോഗികമായി പിന്‍വലിച്ചത്.

SCROLL FOR NEXT