NEWSROOM

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം, സ്കാനിങ്ങിൽ കണ്ടെത്തിയില്ലെന്ന് കുടുംബം; നാല് ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യമുണ്ടായ സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ പൊലീസ് കേസ്. അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം. സ്കാനിങ്ങിൽ വൈകല്യം കണ്ടെത്തിയില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. സ്കാനിങ് നടത്തിയത് ഡോക്ടർ ഇല്ലാതെയാണെന്നും ആരോപണമുണ്ട്. സംഭവത്തിൽ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുഞ്ഞിന് കൈയ്ക്കും കാലിനും ജനനേന്ദ്രിയത്തിനും വൈകല്യങ്ങൾ ഉണ്ടെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുഞ്ഞിന്റെ ഹൃദയത്തിനും ദ്വാരമുണ്ട്. കുട്ടി ശ്വാസം എടുക്കുന്നത് ബുദ്ധിമുട്ടിയാണ്. ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കാനാകില്ല. മലർത്തിക്കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണെന്നും അമ്മ പറയുന്നു.

ഗർഭകാലത്ത് പലതവണ സ്കാനിങ് നടത്തിയപ്പോഴും ഇക്കാര്യം പറഞ്ഞിരുന്നില്ല. സ്വകാര്യ സ്കാനിങ് സെന്ററിൽ ആണ് പരിശോധനകൾ നടത്തിയത്. പരിശോധന സമയത്ത് ഡോക്ടർ ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്. ഇക്കാര്യം പൊലീസും കണ്ടെത്തിയിട്ടുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സ്വകാര്യ സ്കാനിങ് സെന്ററിൽ പരിശോധന നടന്നത് ഡോക്ടർ ഇല്ലാതെയാണെന്ന് കണ്ടെത്തിയത്. എന്നാൽ ഡോക്ടറുടെ ഒപ്പും സീലും നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT