NEWSROOM

ന്യൂസ് മലയാളം ഇംപാക്ട് | അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമാ ചിത്രീകരണം ഉപേക്ഷിച്ചു

രോ​ഗികളെ വലച്ച് അത്യാഹിത വിഭാഗത്തിൽ സിനിമാചിത്രീകരണം നടക്കുന്നു എന്ന ന്യൂസ് മലയാളം വാർത്തയെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമാ ചിത്രീകരണം ഉപേക്ഷിച്ചു. രോ​ഗികളെ വലച്ച് അത്യാഹിത വിഭാഗത്തിൽ സിനിമാചിത്രീകരണം നടക്കുന്നു എന്ന ന്യൂസ് മലയാളം വാർത്തയെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അതിന് ശേഷമാണ് സിനിമ ചിത്രീകരണം അണിയറ പ്രവർത്തകർ ഉപേക്ഷിച്ചത്. 

ജില്ലാ മെഡിക്കൽ ഓഫീസറോടും ആശുപത്രി സൂപ്രണ്ടിനോടും മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണം. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച ചിത്രീകരണം പുലര്‍ച്ചെ വരെ നീണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗികള്‍ ബുദ്ധിമുട്ടിലായി.

സിനിമ ഷൂട്ടിംഗിന് ആരോഗ്യ വകുപ്പ് ഡയറക്ടർ അനുമതി നൽകിയിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വൈകീട്ട് ആറ് മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് അനുമതി നൽകിയതെന്നും സൂപ്രണ്ട് വ്യക്തമാക്കി. ഷൂട്ടിംഗിന് നിർദേശങ്ങൾ നൽകിയതായും, രണ്ട് ദിവസത്തെ അനുമതിയാണ് നൽകിയതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന പൈങ്കിളി എന്ന സിനിമയുടെ ചിത്രീകരണമാണ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ നടന്നത്. അത്യാഹിത വിഭാഗത്തിന്റെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേര്‍ ചിത്രീകരണ സമയത്ത് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നു.

SCROLL FOR NEXT