NEWSROOM

സമാധി വിവാദം: അന്തിമ തീരുമാനമെടുക്കുക ഹിന്ദു ഐക്യവേദിയെന്ന് ഗോപന്‍ സ്വാമിയുടെ മകൻ

കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മകൻ സനന്തൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കുടുംബം. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹിന്ദു ഐക്യവേദി എടുക്കുമെന്ന് ഗോപൻ സ്വാമിയുടെ മകൻ പറഞ്ഞു. കല്ലറ പൊളിക്കുന്നതിന് എതിരെയുള്ള നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കും. പൊലീസ് ഇന്നലെ മൊഴി എടുത്തിരുന്നു. ഇതുവരെയും കുടുംബത്തിന് നോട്ടീസ് നൽകിയിട്ടില്ല. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മകൻ സനന്തൻ പറഞ്ഞു.

അതേസമയം, വിവാദത്തിൽ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഇന്ന് നോട്ടീസ് നൽകുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കി കല്ലറ പൊളിക്കാനാണ് അധികൃതരുടെ തീരുമാനം. നാളെയോ മറ്റന്നാളോ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ആറാലുംമൂട് സ്വദേശിയായ ഗോപന്‍ സ്വാമി (69)യെ കാണാനില്ലെന്ന് കാണിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംസ്‌കരിച്ച കല്ലറ തുറന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഉത്തരവിട്ടത്. എന്നാല്‍ സംഭവത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയതോടെ ഗോപന്‍ സ്വാമിയുടെ കുടുംബത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനല്ല, മരണത്തിലെ അസ്വാഭാവികത തീര്‍ക്കാനാണ് കല്ലറ പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചു. എന്നാല്‍ സമാധി പൊളിച്ചു നീക്കാന്‍ ആവില്ലെന്ന കടുത്ത നിലപാടിലാണ് കുടുംബം. കല്ലറ പൊളിക്കാനുള്ള തീരുമാനത്തിനെതിരെ നിയമപരമായി കോടതിയില്‍ പോകാനാണ് കുടുംബത്തിന്റെ നീക്കം. നിലവില്‍ പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കല്ലറ പൊളിച്ച് കേസിലെ ദുരൂഹത നീക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.

SCROLL FOR NEXT