റിയോ ഡി ജനീറോ: ബ്രസീലിയൻ ക്ലബ്ബായ സാൻ്റോസ് എഫ്‌സിയെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിച്ചതിന് പിന്നാലെ കാൽമുട്ടിൻ്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായി ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ. ബ്രസീൽ ദേശീയ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മറിൻ്റെ നേതൃത്വത്തിലാണ് ആർത്രോസ്കോപിക് ശസ്ത്രക്രിയ നടന്നത്.
2026 ലോകകപ്പിന് മുന്നോടിയായി ദേശീയ ടീമിൽ കളിക്കാൻ ലക്ഷ്യമിട്ടാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം പടിപടിയായി ഫിറ്റ്നസ് തിരിച്ചെടുക്കുകയും പിന്നാലെ ലോകകപ്പിനുള്ള ബ്രസീൽ ദേശീയ ടീമിൽ കളിക്കുകയുമാണ് നെയ്മറുടെ ലക്ഷ്യം.
2023 ഒക്ടോബറിൽ യുറുഗ്വേയ്‌ക്കെതിരായ മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റതിന് ശേഷം പിന്നീട് നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. നിലവിൽ 33കാരനായ നെയ്മർ പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ കളിക്കാൻ അവസരം കാത്തിരിക്കുകയാണ്.
നേരത്തെ പരിക്കിൽ നിന്ന് പൂർണമുക്തനായി ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷം തൻ്റെ നിലവിലെ ക്ലബ്ബായ സാൻ്റോസിന് വേണ്ടി നെയ്മർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അവസാനം കളിച്ച നാല് മത്സരങ്ങളിൽ ഒരു ഹാട്രിക് അടക്കം അഞ്ച് ഗോളുകൾ നേടി താരം ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.
കുട്ടിക്കാലത്തെ ക്ലബ്ബായ സാൻ്റോസിനെ തിരിച്ചുവരവിൽ തരംതാഴ്ത്തലിൽ നിന്ന് രക്ഷിച്ചതിന് പിന്നാലെ ശസ്‌ത്രക്രിയയ്ക്ക് തയ്യാറാവുകയാണെന്നും താരം അറിയിച്ചിരുന്നു. ശസ്‌ത്രക്രിയയ്ക്ക് ഉടൻ വിധേയനാവുകയാണെന്നും അടുത്ത ലക്ഷ്യം ലോകകപ്പാണെന്നും നെയ്‌മർ പറഞ്ഞു. തൻ്റെ അവസാന ലോകകപ്പായിരിക്കാൻ സാധ്യതയുള്ള 2026ൽ ടീമിനെ കിരീടത്തിൽ എത്തിക്കുമെന്ന് അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു.