NEWSROOM

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ 'സമാധി'; കല്ലറ ഇന്ന് പൊളിക്കില്ല

കല്ലറ പൊളിക്കാനുള്ള ഉത്തരവിന്റെ പകര്‍പ്പ് കുടുംബത്തിന് നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ അഭിഭാഷകനേയും കാര്യങ്ങള്‍ ധരിപ്പിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. കുടുംബത്തിന്റേയും നാട്ടുകാരില്‍ ചിലരുടേയും പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ കുടുംബവുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തീരുമാനമുണ്ടാകുമെന്ന് സബ് കളക്ടര്‍ അറിയിച്ചു.

പൊലീസ് സ്റ്റേഷനില്‍ സബ് കളക്ടറും ആര്‍ഡിഒയും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയും കുടുംബവുമായി സംസാരിക്കും. കല്ലറ പൊളിക്കാനുള്ള ഉത്തരവിന്റെ പകര്‍പ്പ് കുടുംബത്തിന് നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ അഭിഭാഷകനേയും കാര്യങ്ങള്‍ ധരിപ്പിച്ചു.

ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാന്‍ ഉത്തരവ് വന്നതിനു പിന്നാലെ നാടകീയ രംഗങ്ങളാണ് സ്ഥലത്ത് അരങ്ങേറിയത്. ഇന്ന് രാവിലെയാണ് കല്ലറ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതോടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരില്‍ ചിലരും കുടുംബത്തിനൊപ്പം ചേര്‍ന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

സമാധിയായെന്ന് അവകാശപ്പെട്ട് മകന്‍ മറവ് ചെയ്ത ഗോപന്‍ സ്വാമിയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. കല്ലറ പൊളിക്കാനാകില്ലെന്ന നിലപാടിലാണ് കുടുബം. ആറാലുംമൂട്ടിലെ ഗോപന്‍ സ്വാമിയുടെ വീടിരിക്കുന്ന പരിസരങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് നാട്ടുകാര്‍ ഗോപന്‍സ്വാമിയുടെ മരണവിവരം അറിയുന്നത്. നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

എല്ലാര്‍ക്കും പരിചിതനായ ഗോപന്‍ സ്വാമി മരിച്ചതോ സംസ്‌കാര ചടങ്ങുകളോ നാട്ടുകാരാരും അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറേയും പൊലീസിനേയും നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. അച്ഛന്‍ കുറിച്ചു തന്ന സമയവും കര്‍മങ്ങളും നോക്കിയാണ് സമാധി നടത്തിയതെന്ന വിശദീകരണമാണ് മകന്‍ രാജസേനന്. സമാധിയാകുന്നത് മകനല്ലാതെ മറ്റാരും കാണാന്‍ പാടില്ല. മരിച്ച വിവരം സമാധിക്ക് ശേഷം മാത്രം നാട്ടുകാരെ അറിയിക്കണമെന്നും അച്ഛന്‍ പറഞ്ഞതായാണ് മകന്‍ പറയുന്നത്. രാജസേനന് പുറമെ സഹോദരനും അമ്മയും മരുമകളുമാണ് വീട്ടിലുള്ളത്. നാലു പേര്‍ക്കും ഗോപന്‍ സ്വാമിയുടേത് മരണമല്ലെന്നും സമാധിയാണെന്നുമുള്ള വാദമാണ്.

SCROLL FOR NEXT