NEWSROOM

നെയ്യാറ്റിൻകര ഗോപൻ്റെ മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി മകൻ; പൊലീസ് അന്വേഷണം പൂർത്തിയായാൽ നൽകാമെന്ന് നഗരസഭ

നെയ്യാറ്റിൻകര നഗരസഭയിലാണ് അപേക്ഷ നൽകിയത്

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഗോപൻ്റെ മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി മകൻ രാജസേനൻ. നെയ്യാറ്റിൻകര നഗരസഭയിലാണ് അപേക്ഷ നൽകിയത്. പൊലീസ് അന്വേഷണം പൂർത്തിയായ ശേഷം സർട്ടിഫിക്കറ്റ് നൽകാമെന്നാണ് നഗരസഭ അറിയിച്ചത്.

ഈ മാസം ഒമ്പതിന് മരിച്ച ഗോപൻ സ്വാമിയുടെ മൃതദേഹം കുടുംബം ആരുമറിയാതെ മറവ് ചെയ്തത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. സമാധിയായെന്ന അവകാശവാദം അയൽവാസികൾ ചോദ്യം ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. പിന്നാലെ കല്ലറയടക്കം പൊളിച്ചു. സ്വാഭാവിക മരണമെന്ന കണ്ടെത്തലോടെ സമാധി തന്നെയെന്ന വാദം വീണ്ടുമുയർത്തിയ കുടുംബം മഹാസമാധിയെന്ന പേരിൽ സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു.

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഘോഷയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. മതാചാര്യന്മാരും ഗോപന്റെ മക്കളായ സനന്ദനും രാജസേനനുമാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഋഷിപീഠമെന്ന് പേരിട്ട കല്ലറയിലാണ് ആചാരങ്ങളോടെ മൃതദേഹം മറവ് ചെയ്തത്.

അതേസമയം അന്വേഷണം തുടരാനാണ് പൊലീസിന്റെ നീക്കം. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഇല്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാൽ മാത്രമേ ഇത് ഉറപ്പിക്കാൻ കഴിയൂ. കുടുംബത്തിന്റെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വീണ്ടും മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

SCROLL FOR NEXT