NEWSROOM

നെയ്യാറ്റിൻകര ഗോപൻ്റെ മരണം: കല്ലറ പൊളിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു; അന്തിമ തീരുമാനമെടുക്കാതെ ജില്ലാ ഭരണകൂടം

കല്ലറ പൊളിക്കുന്ന തീയതി സംബന്ധിച്ച് കുടുംബത്തിന് ഇതുവരെ നോട്ടീസ് കൈമാറിട്ടില്ല, എന്നാൽ നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കുടുംബത്തിൻ്റെ പക്ഷം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'സമാധി' പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാതെ ജില്ലാ ഭരണകൂടം. നിയമ, ക്രമസമാധാന പ്രശ്നങ്ങൾ സംബന്ധിച്ച പരിശോധനകൾ തുടരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലറ പൊളിക്കുന്ന തീയതി സംബന്ധിച്ച് കുടുംബത്തിന് ഇതുവരെ നോട്ടീസ് കൈമാറിട്ടില്ല. അതേസമയം നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കുടുംബത്തിൻ്റെ പക്ഷം.


ഗോപൻ സ്വാമിയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവർത്തിച്ചുവാദിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്. കഴിഞ്ഞദിവസം ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മകനും ബന്ധുക്കളും നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്ന് വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.

കല്ലറ പൊളിക്കാനുള്ള കാര്യത്തിൽ അന്തിമതീരുമാനം ഹിന്ദു ഐക്യവേദി എടുക്കുമെന്നായിരുന്നു ഗോപൻ സ്വാമിയുടെ മകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കല്ലറ പൊളിക്കുന്നതിന് എതിരെയുള്ള നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കും. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും മകൻ സനന്തൻ പറഞ്ഞു.


ആറാലുംമൂട് സ്വദേശിയായ ഗോപന്‍ സ്വാമി (69)യെ കാണാനില്ലെന്ന് കാണിച്ചാണ് നാട്ടുകാര്‍ പൊലീസിൽ നല്‍കിയ പരാതി നൽകിയത്. തുടര്‍ന്ന് ഇയാളെ സംസ്‌കരിച്ച കല്ലറ തുറന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഉത്തരവിട്ടു. എന്നാല്‍ സംഭവത്തില്‍ നാട്ടുകാര്‍ ഉള്‍പ്പെടെ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയതോടെ സ്ഥിതിഗതികൾ അനിയന്ത്രിതമായി. ഒടുവിൽ ജില്ലാ ഭരണകൂടത്തിന് ഗോപന്‍ സ്വാമിയുടെ കുടുംബത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടി വന്നു.

സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനല്ല, മരണത്തിലെ അസ്വാഭാവികത തീര്‍ക്കാനാണ് കല്ലറ പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചു. പക്ഷേ സമാധി പൊളിച്ചു നീക്കാന്‍ ആവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. നിലവില്‍ പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്ലറ പൊളിച്ച് കേസിലെ ദുരൂഹത നീക്കാനാകുമെന്നാണ് അധികൃതർ കരുതുന്നത്.

SCROLL FOR NEXT