നെയ്യാറ്റിൻകര ഗോപൻ്റെ സംസ്‌കാരം വൈകിട്ട്. സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം മൂന്ന് മണിയോടെ വീട്ടിൽ എത്തിക്കും.മൃതദേഹം കൊണ്ടു വരിക ഘോഷയാത്രയായിട്ട്. സമാധിക്ക് വേണ്ടി പുതിയ കല്ലറയൊരുക്കിയിരിക്കുകയാണ് കുടുംബം.
നേരത്തെ ഒരുക്കിയ കല്ലറയുടെ അതെ സ്ഥാനത്ത് തന്നെയാണ് പുതിയ കല്ലറ. മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ സമാധി നടത്തുമെന്ന് കുടുംബം അറിയിച്ചു. അതേസമയം ഗോപന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
കഴിഞ്ഞ ദിവസം രാവിലെയാണ് ഗോപനെ സമാധി ചെയ്തതെന്ന് കുടുംബം പറഞ്ഞ കല്ലറ പൊളിച്ചത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന അടക്കം പൂര്‍ത്തിയായാലേ ഇതില്‍ അന്തിമമായി തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃർ വ്യക്തമാക്കിയിരുന്നു.
മൃതദേഹത്തിൻ്റെ രാസപരിശോധന ഫലത്തിലും ആത്മവിശ്വാസമുണ്ടെന്ന് ഗോപൻ്റെ മകൻ സനന്ദൻ പ്രതികരിച്ചിരുന്നു.അസ്വാഭാവികമായ ഒന്നും ഉണ്ടാകില്ല. പൊലീസ് നടപടിയോട് സഹകരിക്കാൻ സമുദായ നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് സഹകരിച്ചതെന്നും സനന്ദൻ വ്യക്തമാക്കി.സമാധി വിവാദത്തിൽ പൊലീസ് അന്വേഷണം തുടരുമെന്ന് നെയ്യാറ്റിൻകര സിഐ എസ്.ബി. പ്രവീണും വ്യക്തമാക്കി.