NEWSROOM

നൈജീരിയയുടെ 'ഹാപ്പി സിറ്റി'; ഇന്ന് കടല്‍ക്ഷോഭത്തിന്റെ ബാക്കിപത്രം

തുടർച്ചയായ കടലാക്രമണത്തെ തുടർന്ന് ഈ നൈജീരിയൻ-തീരദേശ-നഗരത്തിൻ്റെ മൂന്നിൽ രണ്ട് ഭാഗവും കടലിനടിയിലായിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

നൈജീരിയയിലെ തീരദേശ പ്രദേശമായ അയറ്റോറൊ കടല്‍ക്ഷോഭത്തിന്റെ ദുരന്തമുഖമായി മാറിയിരിക്കുകയാണ്. ഹാപ്പി സിറ്റി എന്നറിയപ്പെട്ടിരുന്ന അയറ്റോറൊയില്‍ ഇന്ന് ശേഷിക്കുന്നത് വളരെ കുറച്ചാളുകള്‍ മാത്രമാണ്. തുടര്‍ച്ചയായ കടലാക്രമണത്തെ തുടര്‍ന്ന് ഈ നൈജീരിയന്‍-തീരദേശ-നഗരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കടലിനടിയിലായിരിക്കുകയാണ്.

1947-ല്‍ സ്ഥാപിതമായ ഒരു ക്രിസ്ത്യന്‍ നഗരമാണ് അയറ്റോറൊ. പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കടല്‍ക്ഷോഭത്തില്‍ നഗരത്തിന്റെ 60% വും ഇന്ന് കടലിനടിയിലാണ്. കടലില്‍ മുങ്ങിപ്പോയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍, മരത്തടികള്‍, തകര്‍ന്ന വീടുകള്‍ ഇതാണ് ഒരിക്കല്‍ പറുദീസയ്ക്ക് തുല്യമായിരുന്ന നൈജീരിയന്‍-തീരദേശ-നഗരമായ അയറ്റോറൊയുടെ ഇന്നത്തെ കാഴ്ച.

അയറ്റോറൊയെ കടലെടുക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അണ്ടര്‍വാട്ടര്‍ ഓയില്‍ ഡ്രില്ലിംഗ് ആണ് അതില്‍ പ്രധാനമായി പറയുന്നത്. മണ്ണിനടിയിലെ സ്രോതസുകള്‍ വലിച്ചെടുക്കുന്നത് ആ പ്രദേശം തന്നെ മുങ്ങിപ്പോകാന്‍ കാരണമാകുന്നു. കണ്ടല്‍ക്കാടുകളുടെ നശീകരണവും തിരമാലകള്‍ മൂലമുണ്ടാകുന്ന മണ്ണൊലിപ്പും ദുരന്തത്തിന് ആക്കം കൂട്ടി. ഇത്തരം പ്രശ്‌നങ്ങള്‍ക്കൊപ്പം ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കവും നഗരത്തെ കാര്‍ന്നു തിന്നുകയാണ്. ശുദ്ധജല പ്രശ്‌നമാണ് മറ്റൊരു വെല്ലുവിളി.

നിരവധി വീടുകള്‍ കടലിനടിയിലായി. ഒരുപാട് കുടുംബങ്ങള്‍ നാട് വിട്ട് പോയി. ഇത്രയൊക്കെ പ്രതിസന്ധി നേരിടുമ്പോഴും നഗരവുമായുള്ള വൈകാരിക ബന്ധത്തിന്റെ പേരില്‍ അയെറ്റോറോ വിട്ടുപോകാതെ നില്‍ക്കുന്നവരും ഏറെയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ നാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന നഗരത്തെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുമെന്ന് പറഞ്ഞെങ്കിലും, അത് വാഗ്ദാനങ്ങള്‍ മാത്രമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കടല്‍ക്ഷോഭത്തില്‍ ഇല്ലാതാകുന്നത് ഒരു നഗരം മാത്രമല്ല ഒരു നൂറ്റാണ്ടിലെ ജനത കൂടിയാണ്.

SCROLL FOR NEXT