NEWSROOM

നികേഷ് കുമാര്‍ സജീവ രാഷ്ട്രീയത്തിലേക്ക്; മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു

സിപിഎം അംഗമായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുമെന്ന് നികേഷ് കുമാര്‍

Author : ന്യൂസ് ഡെസ്ക്

പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടി.വി ചീഫ് എഡിറ്ററുമായ എം.വി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. റിപ്പോര്‍ട്ടറിന്റെ എഡിറ്റോറിയല്‍ ചുമതലകളൊഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കും. സിപിഎം അംഗമായി പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുമെന്ന് റിപ്പോര്‍ട്ടര്‍ ടി.വിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിലൂടെ നികേഷ് വ്യക്തമാക്കി. 28 വര്‍ഷമായി മാധ്യമപ്രവര്‍ത്തനത്തില്‍ സജീവമാണ് നികേഷ് കുമാര്‍. ഇടക്കാലത്ത് മാധ്യമപ്രവര്‍ത്തനം വിട്ട് സിപിഎം പിന്തുണയോടെ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും തോറ്റിരുന്നു. പിന്നീട് വീണ്ടും മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. നികേഷ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം 

ഏഷ്യാനെറ്റ് ന്യൂസിനൊപ്പമായിരുന്നു നികേഷിന്റെ മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്കം. റിപ്പോര്‍ട്ടറായും പിന്നീട് ഡല്‍ഹി ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. മലയാളത്തിന്റെ സമ്പൂര്‍ണ വാര്‍ത്താചാനലായി ഇന്ത്യാവിഷന്‍ സംപ്രേഷണം ആരംഭിച്ചപ്പോള്‍, നികേഷ് അതിന്റെ സാരഥ്യം ഏറ്റെടുത്തു. എഡിറ്റര്‍ ഇന്‍ ചീഫ്, സിഇഒ എന്നീ പദവികളും വഹിച്ചു. ഇന്ത്യാവിഷനുശേഷം റിപ്പോര്‍ട്ടര്‍ ടി.വിക്ക് തുടക്കമിട്ടു. ഏറെക്കാലത്തിനുശേഷം, പുതിയ ഉടമസ്ഥര്‍ക്കു കീഴില്‍ റിപ്പോര്‍ട്ടര്‍ ടി.വി മുഖംമിനുക്കി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് നികേഷ് സ്ഥാനമൊഴിയുന്നത്.

സിഎംപി നേതാവ് എം.വി രാഘവന്റെ നാലു മക്കളില്‍ ഒരാളായ നികേഷ്, 2016ലാണ് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍നിന്നായിരുന്നു നികേഷ് നിയമസഭയിലേക്ക് മത്സരിച്ചത്. എന്നാല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ.എം ഷാജിക്കെതിരെ 2287 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നീട് ഒരു വര്‍ഷത്തിനുശേഷം, നികേഷ് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

SCROLL FOR NEXT