നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി പി.വി. അൻവർ മത്സരിച്ചേക്കും. തൃണമൂലിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാനും നീക്കമുണ്ട്. അൻവർ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ പൊതുവികാരം. വേണ്ടി വന്നാൽ സ്ഥാനാർഥിയായേക്കുമെന്ന് അൻവർ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയാകും എന്ന വാർത്തയ്ക്ക് പിന്നാലെയാണ് അൻവർ സ്ഥാനാർഥിയാകും എന്ന സൂചനയും പുറത്തുവരുന്നത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യതയെന്നാണ് വിവരങ്ങൾ. പി.വി. അൻവറിന് വഴങ്ങേണ്ടതില്ലെന്ന് യുഡിഎഫ് യോഗത്തിൽ തീരുമാനമായി. സാമുദായിക പരിഗണനയും ഷൗക്കത്തിന് അനുകൂലമാണ്. കെപിസിസി തീരുമാനം ഇന്ന് തന്നെ ഹൈക്കമാൻഡിനെ അറിയിച്ചേക്കും. ആര്യാടൻ ഷൗക്കത്തിൻ്റെ പേര് മാത്രമാകും ഹൈക്കമാൻഡിനെ അറിയിക്കുക. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.
ആര് സ്ഥാനാർഥി ആയാലും യുഡിഎഫ് വിജയിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. സ്ഥാനാർഥി ആരാണെന്നുള്ള അറിയിപ്പ് ഔദ്യോഗികമായി വന്നിട്ടില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.