നിലമ്പൂർ സ്ഥാനാർഥിത്വത്തിനായി സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടത്തിയെന്ന പി.വി. അൻവറിന്റെ ആരോപണത്തിന് മറുപടിയുമായി ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ ജനങ്ങൾക്ക് താനെന്താണെന്ന് അറിയാമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണം. നിലമ്പൂരിലെ ജനങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ അവരോടൊപ്പം ഉണ്ടാകും എന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
"ഞാനെന്താണെന്നുള്ളത് മറ്റാരെക്കാളും നിലമ്പൂരിലെ ജനങ്ങൾക്കറിയാം. നിലമ്പൂരിൽ നമ്മൾ ആവശ്യപ്പെടുക എന്നതല്ല വിഷയം. നിലമ്പൂരിലെ വോട്ടർമാർക്ക് കുറേ ആവശ്യങ്ങളുണ്ട്. അത് നേടിയെടുക്കാൻ അവരോടൊപ്പം നിൽക്കുകയെന്നതാണ്. കാളികാവിൽ നടന്ന കടുവാ ആക്രമണത്തിൽ കടുവ മനുഷ്യന്റെ സങ്കേതത്തിൽ വന്ന് ഭക്ഷിച്ചുപോകുകയാണ്. ആദിവാസികളുടെ ദുരിതപൂർണമായ അവസ്ഥ ഒരു ഭാഗത്തുനിൽക്കുന്നു. നിലമ്പൂരിന്റെ വികസനം ഒരു വശത്തുനിൽക്കുന്നു. കേരളത്തെ സർക്കാർ ഉണ്ടാക്കിയ ദുസഹമായ അവസ്ഥാവിഷേശം മറ്റൊരു ഭാഗത്ത് നിലനിൽക്കുന്നത്. ഇതൊക്കെയാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിലെ ചർച്ചാ വിഷയം," ഷൗക്കത്ത് പറഞ്ഞു. രണ്ട് തവണ കൈവിട്ട നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. പി.വി. അൻവറിന് മറുപടി പറയാനില്ലെന്നും നേതൃത്വം പറയുമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് പ്രഖ്യാപിച്ചത്. പി.വി. അൻവറിന്റെ സമ്മർദങ്ങൾക്ക് വഴിപ്പെടാതെയായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം. ഇതിനുപിന്നാലെ അതൃപ്തി പരസ്യമാക്കി അൻവർ രംഗത്തെത്തിയിരുന്നു. നിലമ്പൂരിൽ യുഡിഎഫിന് മികച്ച സ്ഥാനാർഥി വി.എസ്. ജോയ് ആണെന്നായിരുന്നു അൻവറിന്റെ പ്രതികരണം.
നിലമ്പൂരിൽ ജനവികാരം ആര്യാടൻ ഷൗക്കത്തിന് എതിരാണെന്നും അൻവർ പറഞ്ഞു. ഷൗക്കത്തിനെപ്പറ്റി നിലമ്പൂരിലെ ജനങ്ങളുടെ അഭിപ്രായം തനിക്കറിയാം. ഇടത് സ്ഥാനാർഥിയാകാൻ രണ്ട് മാസം മുമ്പ് വരെ ശ്രമിച്ചയാളാണ് ആര്യാടൻ ഷൗക്കത്ത്. കോൺഗ്രസ് തീരുമാനിച്ചത് വിജയസാധ്യത ഇല്ലാത്ത സ്ഥാനാർഥിയെയാണ്. ആര്യാടൻ ഷൗക്കത്തിന് പിണറായിസത്തെ തോൽപ്പിക്കാനാകില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.