NEWSROOM

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയായി വി.എസ്. ജോയ് വരണം; സമ്മര്‍ദം ചെലുത്തി പി.വി. അന്‍വര്‍

വി.എസ്. ജോയിക്കാണ് വിജയസാധ്യത കൂടുതലെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വി.എസ്. ജോയ് വരണമെന്ന സമ്മര്‍ദവുമായി പി.വി. അന്‍വര്‍. മണ്ഡലത്തിന്റെ ചുമതലയുള്ള എ.പി. അനില്‍കുമാര്‍ എംഎല്‍എയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്‍വര്‍ വി.എസ്. ജോയ്ക്കായി സമ്മര്‍ദ്ദം ചെലുത്തിയത്. എല്ലാ വശങ്ങളും പരിശോധിച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് അനില്‍കുമാറും പ്രതികരിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയ് എന്നിങ്ങനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ രണ്ട് പേരുകളാണ് ആദ്യം മുതലുള്ളത്. ഒറ്റ പേരിലേക്ക് എത്താന്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടുമില്ല. ഇന്ന് മലപ്പുറം ഗസ്റ്റ് ഹൗസില്‍ എ.പി. അനില്‍കുമാറുമായി നടന്ന കൂടിക്കാഴ്ചയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വി.എസ്. ജോയ് വരണമെന്ന ആവശ്യം പി.വി. അന്‍വര്‍ മുന്നോട്ടുവെച്ചത്. വി.എസ്. ജോയിക്കാണ് വിജയസാധ്യത കൂടുതലെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

പി.വി. അന്‍വര്‍ നിലമ്പൂരില്‍ ഒരു പ്രധാന ഘടകമാണെന്നിരിക്കെ അന്‍വറിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തള്ളിക്കളയാനാകില്ല. എല്ലാ വശങ്ങളും പരിശോധിച്ച് സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് എ.പി. അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

സജീവമായ ചര്‍ച്ചകളാണ് അണിയറയില്‍ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

SCROLL FOR NEXT